‘നീതി വൈകുന്നതിന് പിന്നിൽ ആരുടെ സമ്മർദം?’; ജന്തർമന്തറിൽ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളെ കണ്ട് സച്ചിൻ പൈലറ്റ്
വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തിൽ റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ നടപടി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളുമായി ജന്തർമന്തറിലെത്തി കൂടിക്കാഴ്ച നടത്തി സച്ചിൻ പൈലറ്റ്. ഗുസ്തി താരങ്ങൾക്കുള്ള നീതി വൈകുന്നതിന് പിന്നിൽ ആരുടെ സമ്മർദ്ദമാണെന്ന് സച്ചിൻ ചോദിച്ചു.
കഴിഞ്ഞ 26 ദിവസമായി രാജ്യത്തിന്റെ അഭിമാനമായ നമ്മുടെ കായിക താരങ്ങൾ ജന്തർമന്തറിൽ ധർണയിലാണ്. ഗുസ്തി താരങ്ങൾക്ക് രാജ്യത്തിൻ്റെ പിന്തുണയുണ്ട്. എന്നാൽ ജുഡീഷ്യൽ നടപടി സ്വീകരിക്കാൻ വൈകുന്നത് എന്തുകൊണ്ട്? എന്തുകൊണ്ടാണ് ഈ കാലതാമസം വരുന്നതെന്ന് മനസിലാകുന്നില്ല. യുവാക്കളും കർഷകരും ഗുസ്തി താരങ്ങളും ദുരിതത്തിലായാൽ രാജ്യത്തിന് സന്തോഷമായിരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ അന്തർദേശീയ വേദികളിൽ മെഡലുകൾ നേടി രാജ്യത്തിന്റെ അഭിമാനം ഉയർത്തുന്ന നമ്മുടെ യുവ കായിക താരങ്ങളുടെ വേദന നിങ്ങൾ കേൾക്കണം. സർക്കാരും ഭരണ സംവിധാനവും താരങ്ങളുടെ പരാതികൾ പരിഗണിച്ച് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ നിയമാനുസൃതമായ നടപടി സ്വീകരിക്കണമെന്നും സച്ചിൻ പൈലറ്റ് കൂട്ടിച്ചേർത്തു.