Monday, January 6, 2025
National

ബ്രിജ് ഭൂഷണെതിരായ പ്രതിഷേധത്തിൽ ഇടപെട്ട് കർഷക നേതാക്കൾ; മെഡലുകൾ ഉടൻ ​ഗം​ഗയിൽ ഒഴുക്കില്ലെന്ന് ​ഗുസ്തി താരങ്ങൾ

ബ്രിജ് ഭൂഷണെതിരായ പ്രതിഷേധത്തിൽ കർഷക നേതാക്കൾ ഇടപെട്ടതോടെ അനുനയത്തിന് തയ്യാറായി ​ഗുസ്തി താരങ്ങൾ. മെഡലുകൾ ഉടൻ ​ഗം​ഗയിൽ ഒഴുക്കില്ലെന്ന് ​ഗുസ്തി താരങ്ങൾ അറിയിച്ചു. പ്രശ്നപരിഹാരത്തിനായി 5 ദിവസത്തെ സമയപരിധിയാണ് താരങ്ങൾ നൽകിയത്. കർഷക നേതാവ് നരേഷ് ടിക്കയത്ത്‌ ഹരിദ്വാറിൽ എത്തിയാണ് ഗുസ്തി താരങ്ങളെ കണ്ടത്. കർഷക നേതാക്കൾ താരങ്ങളിൽ നിന്നും മെഡലുകൾ ഏറ്റു വാങ്ങി. ഇതോടെ ഹരിദ്വാറിലെ ധർണ സ്ഥലത്ത് നിന്നും താരങ്ങൾ നീങ്ങി.

ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ ഗുസ്തി താരങ്ങളുടെ പ്രതിഷേധം ആളിക്കത്തുകയാണ്. സാക്ഷി മാലികും വിനേഷ് ഫോഗട്ടും അടക്കമുള്ളവർ ഹരിദ്വാറിലെത്തിയാണ് മെഡലുകൾ ​ഗം​ഗാ നദിയിൽ ഒഴുക്കാൻ തീരുമാനിച്ചത്. രാജ്യത്തിനഭിമായി തങ്ങൾക്ക് ലഭിച്ച മെഡലുകൾ നദിയിൽ ഒഴുക്കുമെന്ന് താരങ്ങൾ പ്രഖ്യാപിച്ചിരുന്നു. അതാണ് കർഷക നേതാക്കൾ ഇടപെട്ട് തടഞ്ഞത്.

ഹരിദ്വാറിലെത്തുന്ന താരങ്ങളെ തടയില്ലെന്ന് എഎസ്പി അജയ് സിങ് അറിയിച്ചിരുന്നു. തടയാൻ തങ്ങൾക്ക് നിർദേശം ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് നിലപാട്. നീതി നിഷേധത്തിനെതിരെ സമരം തുടരുമെന്ന് ഹരിദ്വാറിലെത്തിയ ഗുസ്തി താരങ്ങൾ ആവർത്തിച്ചു. മെഡലുകൾ തങ്ങളുടെ ജീവനും ആത്മാവുമാണെന്ന് സാക്ഷി മാലിക് വികാരധീനയായി പ്രതികരിച്ചു.

ബ്രിജ് ഭൂഷണെതിരായി നടപടി എടുക്കാത്തിടത്തോളം സമരമുഖത്ത് തുടരുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഗുസ്തി താരങ്ങൾ. ഇന്ത്യ ഗേറ്റിൽ നിരാഹാര സമരവും തുടരും. തങ്ങൾ കഠിനാധ്വാനം ചെയ്തു നേടിയ മെഡലുകൾക്ക് ഗംഗയുടെ അതേ പരിശുദ്ധിയാണെന്ന് താരങ്ങൾ പറഞ്ഞു.

ബ്രിജ് ഭൂഷന്റെ അറസ്റ്റ് വൈകുന്നതിനെതിരെ രാജ്യ വ്യാപക പ്രതിഷേധത്തിന് സംയുക്ത കിസാൻ മോർച്ചയും തയ്യാറെടുക്കുന്നുണ്ട്. ഇന്നലെ രാത്രിയിൽ ചേർന്ന നേതൃയോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. യോഗത്തിൽ ഗുസ്തി താരങ്ങളെ പ്രതിനിധീകരിച്ച് ബജ്‌റംഗ് പുനിയയും പങ്കെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *