Saturday, October 19, 2024
Health

അടിവയറ്റിലെ കൊഴുപ്പ് എളുപ്പം കുറയ്ക്കാം; ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ സ്മൂത്തി

ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കാം. വയറിലെ കൊഴുപ്പ് അഥവാ വിസറൽ ഫാറ്റ് ആണ് കുറയ്ക്കാന്‍ ഏറെ പ്രയാസം. പലപ്പോഴും വ്യായാമമില്ലായ്മയും നിയന്ത്രണങ്ങളില്ലാത്ത ഭക്ഷണരീതിയുമെല്ലാമാണ് ഇതിന് കാരണം. മിതമായ അളവില്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഇത്തരത്തിലുള്ള കുടവയര്‍ കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. അത്തരത്തില്‍ അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പ്രോട്ടീന്‍ അടങ്ങിയ ഒരു സ്മൂത്തിയെ പരിചയപ്പെടാം.

ആപ്പിള്‍, ഓട്സ്, ചിയ വിത്തുകള്‍ എന്നിവയാണ് ഈ സ്മൂത്തി തയ്യാറാക്കാനായി വേണ്ടത്. ദിവസവും ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ അകറ്റി നിര്‍ത്താം എന്ന് പറയുന്നത് വെറുതേയല്ല. ഔഷധഗുണങ്ങളുടെ കലവറയാണ് ആപ്പിൾ. ഫൈബറും വിറ്റാമിനുകളും ആപ്പിളില്‍ ധാരാളമായി അടങ്ങിയിട്ടുളളതിനാല്‍ ഇവ പെട്ടെന്ന് വിശപ്പ് മാറാന്‍ സഹായിക്കും. ആപ്പിളില്‍ കലോറിയും കുറവാണ്. ശരീരത്തിലെ അമിതമായ കൊഴുപ്പിനെ അകറ്റാനും ആപ്പിള്‍ സഹായിക്കും. ശരാശരി ഒരു ആപ്പിളില്‍ നാല് ഗ്രാം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ആപ്പിള്‍ കഴിക്കുന്നതിലൂടെ നിങ്ങളുടെ അമിത വിശപ്പ് കുറയുകയും വണ്ണം കുറയുകയും ചെയ്യുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

പ്രോട്ടീന്‍, ഫൈബര്‍ എന്നിവ ധാരാളം അടങ്ങിയ ഓട്സും വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ്. ഫൈബറും പ്രോട്ടീനും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയ ചിയ വിത്തുകളും വിശപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.

അതിനാല്‍ വയര്‍ കുറയ്ക്കാനും വണ്ണം കുറയ്ക്കാനും ആഗ്രഹിക്കുന്നവര്‍ക്ക് ഈ ആപ്പിള്‍ ഓട്സ് ചിയ വിത്ത് സ്മൂത്തി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇവ തയ്യാറാക്കാനായി ആദ്യം ആപ്പിള്‍, ഓട്സ്, ചിയ വിത്തുകള്‍ എന്നിവ തൈരിനൊപ്പം ചേര്‍ക്കുക. ശേഷം ഇതിലേയ്ക്ക് തേന്‍ കൂടി ചേര്‍ത്ത് മിക്സിയിലിട്ട് അടിക്കുന്നതോടെ സ്മൂത്തി റെഡി.

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Leave a Reply

Your email address will not be published.