ബജറ്റ് 2023 : മുതിർന്ന പൗരന്മാർക്ക് ഈ ഇളവുകൾ പ്രതീക്ഷിക്കാം
രണ്ടാം മോദി സർക്കാറിന്റെ അവസാന സമ്പൂർണ്ണ ബജറ്റിൽ ജനപ്രിയ പ്രഖ്യാപനങ്ങളാണ് ഉറ്റുനോക്കുന്നത്. ക്ഷേമ പദ്ധതികൾക്കൊപ്പം സുസ്ഥിര വളർച്ച ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങൾ, നികുതി പരിഷ്‌കാരങ്ങൾ എന്നിവയിലും പ്രതീക്ഷയർപ്പിക്കുന്നു. ആദായ നികുതി ഇളവ്, വിലക്കയറ്റം നിയന്ത്രിക്കൽ പ്രഖ്യാപനങ്ങളുണ്ടാകുമോയെന്നാണ് മധ്യവർഗ ആകാംഷയോടെ നോക്കുന്നത്. ഇതിനോടൊപ്പം തന്നെ മുതിർന്ന പൗരന്മാരുടെ ആദായ നികുതി ഇളവിലും ഉണ്ട് വൻ പ്രതീക്ഷകൾ.
മുതിർന്ന പൗരന്മാർക്ക് നികുതി ഇളവ് നൽകുന്ന 80ടിടിബി പ്രകാരം പ്രതിവർഷം 50,000 രൂപയുടെ ഇളവാണ് ലഭിക്കുന്നത്. ഈ പരിധി 75,000 രൂപയിലേക്ക് ഉയർത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ അഞ്ച് വർഷമായി ഈ പരിധിയിൽ മാറ്റം വന്നിട്ടില്ല. അതുകൊണ്ട് തന്നെ ഇക്കുറി മാറ്റം വരുമോയെന്ന് പൊതുജനം ഉറ്റുനോക്കുന്നു.
മുതിർന്ന പൗരന്മാർക്ക് ആരോഗ്യ പ്രശ്‌നങ്ങളും വർധിച്ച് വരികയാണ്. അതുകൊണഅട് തന്നെ ആരോഗ്യ ഇൻഷുറൻസ്, മെഡിക്ലെയിം എന്നിവയുടെ പ്രീമിയത്തിൽ 80ഡി പ്രകാരം നൽകുന്ന ഇളവ് 50,000 ൽ നിന്നും 75,000 ലേക്ക് ഉയർത്തണമെന്നും ആവശ്യം ഉയരുന്നുണ്ട്. ഇത് ബജറ്റിൽ പരിഗണിക്കുമോ എന്ന് കാത്തിരുന്ന കാണേണ്ടതാണ്.
മറ്റൊന്ന് 194പി പ്രകാരമുള്ള ഇളവാണ്. 75 വയസ് പിന്നിട്ട മുതിർന്ന പൗരന്മാരുടെ വരുമാനം പെൻഷനും ബാങ്ക് പലിശയുമെല്ലാം ആയതിനാൽ ഇവർക്ക് ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ടതില്ല. ഈ പരിധി 65 വയസാക്കുമെന്നും ബജറ്റ് പ്രതീക്ഷയുണ്ട്.