കേന്ദ്ര ബജറ്റ് കേരളത്തിന് നിരാശയെന്ന് മുല്ലപ്പള്ളി; കോർപേറ്റുകൾക്ക് മാത്രം സഹായം
തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രഖ്യാപനങ്ങൾ ഒഴിച്ചാൽ കേന്ദ്രബജറ്റ് കേരളത്തിന് നിരാശയാണ് സമ്മാനിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കോർപറേറ്റുകൾക്ക് സഹായകരമായ ബജറ്റാണിത്. വായ്പാ പരിധി കൂട്ടണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കാത്തത് വികസന പ്രവർത്തനങ്ങളെ ബാധിക്കും.
കേന്ദ്രത്തിൽ നിന്നുള്ള നികുതി വിഹിതം 15326.64 കോടിയായി കുറയ്ക്കുകയും ചെയ്തു. ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങൾക്ക് നികുതി വിഹിതം ഉയർത്തി. കേരളത്തിലെ റെയിൽവേ മേഖലയെ അവഗണിച്ചു. റെയിൽവേ സ്റ്റേഷനുകളുടെ നവീകരണത്തിന് കാര്യമായ തുക നീക്കിവെച്ചില്ല
പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റൊഴിക്കാനാണ് ബജറ്റിൽ മുൻഗണന നൽകിയത്. പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റുതുലച്ചു. ഇൻഷുറൻസ് മേഖലയിലെ വിദേശനിക്ഷേപ പരിധി 49 ശതമാനത്തിൽ നിന്ന് 74 ശതമാനമായി ഉയർത്തി
തോട്ടം മേഖലക്ക് ലഭിച്ചത് 681 കോടി മാത്രമാണ്. റബർ ബോർഡ്, കോഫി ബോർഡ്, സ്‌പൈസ് ബോർഡ്, തേയില ബോർഡ് എന്നിവക്ക് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുറഞ്ഞ കുതയാണ് അനുവദിച്ചത്. ഇന്ധനവില വർധനവ് നിയന്ത്രിക്കാനും ബജറ്റിൽ നടപടി സ്വീകരിച്ചില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.