നിർബന്ധിത മതപരിവർത്തനം തടയും, ഹിന്ദു മതത്തിലേക്ക് മടങ്ങിവരുന്നതിൽ നിയമം ബാധകമല്ല: യോഗി ആദിത്യനാഥ്
സംസ്ഥാനത്ത് നിർബന്ധിത മതപരിവർത്തനം തടയുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സന്താതന ധർമമാണ് ലോകത്തിലെ ഏറ്റവും പഴക്കമുള്ള മതം. സനാതന ധർമത്തെ ആക്രമിക്കുന്നത് മാനവികതയെ ആക്രമിക്കുന്നതിനു തുല്യമാണെന്നും ആദിത്യനാഥ് പറഞ്ഞു. മഹാരാഷ്ട്രയിൽ അഖില ഭാരതീയ ഹിന്ദു ഗൗറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“500 വർഷങ്ങൾ നീണ്ട കാത്തിരിപ്പിനു ശേഷം രാമഭഗവാൻ്റെ അമ്പലം അയോധ്യയിൽ നിർമിക്കുകയാണ്. ലക്ഷക്കണക്കിന് ഹിന്ദുക്കളും പണ്ഡിതരും ഈ ക്ഷേത്രത്തിനായി ജീവത്യാഗം ചെയ്തു. എന്നാൽ, ആർഎസ്എസിൻ്റെ നേതൃത്വത്തിലും പണ്ഡിതരുടെ നേതൃത്വത്തിലുമാണ് ഈ മുന്നേടം ശക്തി പ്രാപിച്ചത്. അടുത്ത വർഷം ആ അമ്പലത്തിൽ ശ്രീരാമൻ ഇരിക്കും. മുഗൾ ഉദ്യാനങ്ങളെ അമൃത് ഉദ്യാനം എന്ന് പേരുമാറ്റിയത് വൈദേശികാധിപത്യത്തിൻ്റെ അടയാളങ്ങൾ അവസാനിപ്പിക്കാനുള്ള ബിജെപി സർക്കാരിൻ്റെ ശ്രമങ്ങളുടെ ഭാഗമായാണ്. രാജ്യത്തുനിന്ന് അടിമത്തത്തിൻ്റെ എല്ലാ അടയാളങ്ങളും നീക്കം ചെയ്യാനാണ് പ്രധാനമന്ത്രിയുടെ നിർദേശം.”- ആദിത്യനാഥ് പറഞ്ഞു.
“സനാതനധർമം ലോകത്തിലെ ഏറ്റവും പഴക്കമുള്ള മതമാണ്. മനുഷ്യരാശിയുടെ ക്ഷേമമാണ് അതിൻ്റെ ലക്ഷ്യം. സനാതന ധർമത്തിൽ ജനിച്ചവർ അഭിമാനിക്കണം. വസുധൈവ കുടുംബകം കൊണ്ടുവരാൻ സനാതന ധർമത്തിനേ കഴിയൂ. യുപിയിൽ നിർബന്ധിത മതപരിവർത്തനം അനുവദിക്കില്ല. നമ്മൾ ശക്തമായ നിയമം ഉണ്ടാക്കിയിട്ടുണ്ട്. ആരെങ്കിലും ഇത് ലംഘിച്ചാൽ അവരെ 10 വർഷം തടവിലാക്കും. ആർക്കെങ്കിലും ഹിന്ദു മതത്തിലേക്ക് തിരികെവരണമെങ്കിൽ ഈ നിയമം ബാധകമാവില്ല. ആർക്കും ഹിന്ദു മതത്തിലേക്ക് മടങ്ങിവരാം.”- ആദിത്യനാഥ് കൂട്ടിച്ചേർത്തു.