Saturday, January 4, 2025
Kerala

ബജറ്റ് ഇന്ന്; ആരോഗ്യരംഗത്തിനും സാമ്പത്തിക ഉത്തേജനത്തിനും മുൻഗണന

 

തിരുവനന്തപുരം: രണ്ടാംപിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്. ധനമന്ത്രി കെ.എൻ.ബാലഗോപാൽ  ബജറ്റ് അവതരിപ്പിക്കും. ജനുവരിയിൽ അവതരിപ്പിച്ച അവസാന ബജറ്റിൽ നിന്ന് നയപരമായ മാറ്റം ഈ ബജറ്റിൽ ഉണ്ടാകില്ല. ആരോഗ്യരംഗത്തിനും സാമ്പത്തിക ഉത്തേജനത്തിനും ഊന്നൽ നൽകുന്ന ബജറ്റിൽ കോവിഡ് വാക്സിന് വേണ്ട വകയിരുത്തലുകളും നികുതി നിർദേശങ്ങളും ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ ആദ്യ ബജറ്റിൽ പ്രതീക്ഷിക്കുന്നു.

കോവിഡ് കാലത്തെ ജനങ്ങളുടെ പ്രധാന ആവശ്യം വാക്സിനും സൗജന്യ ഭക്ഷണക്കിറ്റ് അടക്കമുളള ക്ഷേമപ്രവർത്തനങ്ങളുമാണ്. ലോക്ക്ഡൗൺ അടക്കമുളള ഈ പ്രതിസന്ധി കാലത്ത് ജനങ്ങൾക്ക് ജീവനോപാധി ഒരുക്കാനുളള കടമ ബജറ്റിൽ പുതിയ സർക്കാരിന് പൂർത്തിയാക്കേണ്ടതുണ്ട്. ഇതിനെല്ലാം വേണ്ട പണം കണ്ടെത്താൻ കടംവാങ്ങുകയല്ലാതെ ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ മുന്നിൽ മറ്റുസൂത്രവാക്യങ്ങൾ കുറവാണ്. ബജറ്റിന് പുറത്ത് ധനസമാഹരണം വഴി വിഭവ സമാഹരണത്തിന് പണം കണ്ടെത്തുകയാണ് പോംവഴി.

കിഫ്ബിക്ക് പുറമേ അടിസ്ഥാന സൗകര്യ വികസനത്തിന് ഈ ഉപാധിയാണ് ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെ അവസാന ബജറ്റും മുന്നോട്ടുവെച്ചിരുന്നത്. കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനങ്ങൾക്കൊപ്പം പുതിയകാലഘട്ടത്തിന്റെ ആവശ്യങ്ങൾ കണക്കിലെടുത്തുളള പുതിയ പ്രഖ്യാപനങ്ങളുടെ കൂട്ടിച്ചേർക്കലുകൾ ഉണ്ടാകും. വാക്സിൻ വാങ്ങുന്നതിന് പണം വകയിരുത്തും.

ഭരണച്ചെലവ് പരമാവധി നിയന്ത്രിക്കാനുള്ള നിർദേശങ്ങളുണ്ടാവും. ഈ വർഷവും അരശതമാനംമുതൽ ഒരുശതമാനംവരെ അധികവായ്പ കേന്ദ്രം അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് സർക്കാർ.

 

 

Leave a Reply

Your email address will not be published. Required fields are marked *