Thursday, January 9, 2025
National

മുതിർന്ന പൗരന്മാർക്ക് 50 ശതമാനം നിരക്കിളവ് പ്രഖ്യാപിച്ച് എയർ ഇന്ത്യ

ന്യൂഡല്‍ഹി: മുതിര്‍ന്ന പൗരന്മാര്‍ക്ക് 50 ശതമാനം നിരക്കിളവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ. ആഭ്യന്തര സര്‍വീസുകള്‍ക്കു മാത്രമാണിത് ബാധകം. 60 വയസ് പൂര്‍ത്തിയായവര്‍ക്കാണ് ഇളവ് ലഭിക്കുക.

ടെര്‍മിനല്‍ ഫീസ്, എയര്‍പോര്‍ട്ട് യൂസര്‍ഫീസ് തുടങ്ങിയവ ഉള്‍പ്പെടുത്താതെയുള്ള അടിസ്ഥാന നിരക്കിലാണ് ഇളവ് ലഭിക്കുകയെന്ന് എയര്‍ ഇന്ത്യയുടെ വെബ്സൈറ്റില്‍ പറയുന്നു.

എയര്‍ ഇന്ത്യയുടെ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ പ്രകാരം ഈ ഇളവ് ലഭ്യമാകണമെങ്കില്‍ ചില മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്.

അപേക്ഷിക്കുന്ന ആള്‍ മുതിര്‍ന്ന ഇന്ത്യന്‍ പൗരനായിരിക്കണം. കൂടാതെ സ്ഥിരമായി ഇന്ത്യയില്‍ താമസിക്കുന്ന ആളായിരിക്കണം. യാത്ര ആരംഭിക്കുന്ന തീയതിയില്‍ 60 വയസ്സ് തികഞ്ഞിരിക്കുകയും വേണം.

വയസ്സ് രേഖപ്പെടത്തിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ് കയ്യില്‍ കരുതണം. വോട്ടേഴ്സ് ഐഡി കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, എയര്‍ ഇന്ത്യ നല്‍കിയിട്ടുള്ള സീനിയര്‍ സിറ്റിസണ്‍ ഐഡി കാര്‍ഡ് എന്നിവ ഇതിനായി പരഗണിക്കും.

ഡൊമസ്റ്റിക് വിമാനങ്ങളില്‍ ഇക്കോണമി ക്യാബിനിലെ തിരഞ്ഞെടുത്ത ബുക്കിങ് ക്ലാസുകളിലാണ് അടിസ്ഥാന നിരക്കിന്റെ 50% ഇളവ് ലഭിക്കുക. ബുക്ക് ചെയ്ത ശേഷം ഒരു വര്‍ഷം വരെയാണ് ടിക്കറ്റ് വാലിഡിറ്റി. യാത്രാ തീയതിയും വിമാനവും മാറ്റുകയോ ക്യാന്‍സല്‍ ചെയ്യുകയോ ചെയ്യാം. എന്നാല്‍ ഇതിനുള്ള ഫീസ് ബാധകമാണ്.

യാത്ര ആരംഭിക്കുന്നതിനു മൂന്നു ദിവസം മുന്നേയാണ് ഇളവുള്ള ടിക്കറ്റുകള്‍ ലഭിക്കുക. രണ്ടു വയസ്സിനു മുകളിലുള്ള കുട്ടികളാണ് കൂടെ ഉള്ളതെങ്കില്‍ ഡിസ്‌കൗണ്ട് ലഭിക്കില്ല. രണ്ടു വയസ്സിനു താഴെയുള്ള ഒരു കുഞ്ഞ് കൂടെ ഉണ്ടെങ്കില്‍ 1250+ ടാക്‌സ്. കൂടെ യാത്ര ചെയ്യുന്ന, രണ്ടു വയസ്സിനു താഴെയുള്ള രണ്ടാമത്തെ കുഞ്ഞിന് ഇളവ് ഇല്ല.

ചെക്ക് ഇന്‍ ചെയ്യുന്ന സമയത്തോ ബോര്‍ഡിംഗ് ഗേറ്റിലോ പ്രസക്തമായ ഐഡി/രേഖകള്‍ ഹാജരാക്കിയിട്ടില്ലെങ്കില്‍ ഇളവ് ലഭിക്കില്ല. നികുതികള്‍ ഒഴികെയുള്ള തുകയ്ക്ക് റീഫണ്ട് ലഭിക്കുന്നതല്ല. ചെക്ക് ഇന്‍ ചെയ്യുന്ന സമയത്തും ബോര്‍ഡിംഗ് ഗേറ്റിലും ഐഡന്റിറ്റി പ്രൂഫ് നല്‍കിയില്ലെങ്കില്‍ ബോര്‍ഡിംഗ് ചെയ്യാന്‍ പറ്റില്ല.

എയര്‍ ഇന്ത്യയുടെ ഫ്‌ളൈറ്റുകളിലും അലയന്‍സ് എയര്‍ കോഡ്‌ഷെയര്‍ ഫ്‌ളൈറ്റുകളിലും ഈ ഇളവുകള്‍ ബാധകമാണ്. എന്നാല്‍ റീജ്യണല്‍ കണക്റ്റിവിറ്റി അലയന്‍സ് എയര്‍ കോഡ്‌ഷെയര്‍ ഫ്‌ളൈറ്റുകളിലും എയര്‍ഇന്ത്യ എക്‌സ്പ്രസ് കോഡ്‌ഷെയര്‍ ഡൊമസ്റ്റിക് ഫ്‌ളൈറ്റുകളിലും ഇളവുകള്‍ ബാധകമല്ല.

Leave a Reply

Your email address will not be published. Required fields are marked *