Sunday, April 13, 2025
National

മെഡലുകള്‍ ഗംഗയിലൊഴിക്കാന്‍ ഗുസ്തി താരങ്ങള്‍; ക്ഷേത്രനഗരിയില്‍ കണ്ണീര്‍ ആരതി, മുഖം തിരിച്ച് കേന്ദ്രസര്‍ക്കാര്‍

ഗുസ്തി ഫെഡറേഷന്‍ മുന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ ഗുസ്തി താരങ്ങളുടെ പ്രതിഷേധം ആളിക്കത്തുന്നു. മെഡലുകള്‍ ഗംഗാനദിയില്‍ ഒഴുക്കാന്‍ തയ്യാറെടുക്കുകയാണ് ഗുസ്തി താരങ്ങള്‍. സാക്ഷി മാലികും വിനേഷ് ഫോഗട്ടും അടക്കമുള്ളവര്‍ ഹരിദ്വാറിലെത്തി. രാജ്യത്തിനഭിമായി തങ്ങള്‍ക്ക് ലഭിച്ച മെഡലുകള്‍ നദിയില്‍ ഒഴുക്കുമെന്ന് താരങ്ങള്‍ പ്രഖ്യാപിച്ചുകഴിഞ്ഞു.

ഹരിദ്വാറിലെത്തുന്ന താരങ്ങളെ തടയില്ലെന്ന് എഎസ്പി അജയ് സിങ് അറിയിച്ചു. തടയാന്‍ തങ്ങള്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് നിലപാട്. നീതി നിഷേധത്തിനെതിരെ സമരം തുടരുമെന്ന് ഹരിദ്വാറിലെത്തിയ ഗുസ്തി താരങ്ങള്‍ ആവര്‍ത്തിച്ചു.മെഡലുകള്‍ തങ്ങളുടെ ജീവനും ആത്മാവുമാണെന്ന് സാക്ഷി മാലിക് വികാരധീനയായി പ്രതികരിച്ചു.

ബ്രിജ് ഭൂഷണെതിരായി നടപടി എടുക്കാത്തിടത്തോളം സമരമുഖത്ത് തുടരുമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഗുസ്തി താരങ്ങള്‍. ഇന്ത്യ ഗേറ്റില്‍ നിരാഹാര സമരവും തുടരും. തങ്ങള്‍ കഠിനാധ്വാനം ചെയ്തു നേടിയ മെഡലുകള്‍ക്ക് ഗംഗയുടെ അതേ പരിശുദ്ധിയാണെന്ന് താരങ്ങള്‍ പറഞ്ഞു.

ബ്രിജ് ഭൂഷന്റെ അറസ്റ്റ് വൈകുന്നതിനെതിരെ രാജ്യ വ്യാപക പ്രതിഷേധത്തിന് സംയുക്ത കിസാന്‍ മോര്‍ച്ചയും തയ്യാറെടുക്കുന്നുണ്ട്. ഇന്നലെ രാത്രിയില്‍ ചേര്‍ന്ന നേതൃയോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. യോഗത്തില്‍ ഗുസ്തി താരങ്ങളെ പ്രതിനിധീകരിച്ച് ബജ്‌റംഗ് പുനിയയും പങ്കെടുത്തിരുന്നു. വ്യാഴാഴ്ച എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ബിജെപി എംപി കൂടിയായ ബ്രിജ് ഭൂഷന്റെ കോലം കത്തിക്കാനാണ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *