Saturday, October 19, 2024
National

നീതി വേണമെങ്കില്‍ കോടതിയില്‍ ചെല്ലൂ, ജന്തര്‍ മന്തിറിലല്ല; ഗുസ്തി താരങ്ങളെ അധിക്ഷേപിച്ച് ബ്രിജ് ഭൂഷണ്‍

സമരം നടത്തുന്ന ഗുസ്തി താരങ്ങളെ അധിക്ഷേപിച്ച് ബിജെപി എംപിയും റെസ്ലിങ് ഫെഡറേഷന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ്. നിങ്ങള്‍ക്ക് നീതി ലഭിക്കണമെങ്കില്‍ പൊലീസിലോ കോടതിയിലോ പോകുക. ജന്തര്‍ മന്തറില്‍ സമരം ചെയ്താല്‍ നീതി കിട്ടില്ലെന്നാണ് ബ്രിജ് ഭൂഷന്റെ പരാമര്‍ശം. കോടതി എന്ത് തീരുമാനിച്ചാലും അത് സ്വാഗതം ചെയ്യുമെന്നും ബ്രിജ് ഭൂഷണ്‍ പറഞ്ഞു.

ഹരിയാനയിലെ 90 ശതമാനം ഗുസ്തി താരങ്ങളും അവരുടെ ഗാര്‍ഡിയന്‍മാരും ഈ ഗുസ്തി അസോസിയേഷനെ വിശ്വസിക്കുന്നവരാണ്. അല്ലാത്തവരാണ് അസോസിയേഷനെതിരെ നിന്നുകൊണ്ട് സമരം നടത്തുന്നത്. കോണ്‍ഗ്രസ് നേതാവ് ദീപേന്ദര്‍ ഹൂഡ നടത്തുന്ന അഖാഡയില്‍ നിന്നുള്ള പെണ്‍കുട്ടികളാണ് തനിക്കെതിരെ ലൈംഗിക ആരോപണം ഉന്നയിക്കുന്നതെന്നും സിംഗ് പറഞ്ഞു.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും ജന്തര്‍ മന്തര്‍ സന്ദര്‍ശിച്ച് സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

ദേശീയ ഗുസ്തി ഫെഡറേഷനും അധ്യക്ഷനും മറ്റ് പരിശീലര്‍ക്കുമെതിരെ ഈ വര്‍ഷമാദ്യം ഗുസ്തി താരങ്ങള്‍ ജന്തര്‍ മന്തറില്‍ പ്രതിഷേധിച്ചിരുന്നു. വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. എന്നാല്‍ പിന്നീട് നടപടി ഒന്നും ഉണ്ടായില്ല. പിന്നാലെയാണ് ഏഴ് വനിതാ ഗുസ്തി താരങ്ങള്‍ ഡല്‍ഹി കൊണാട്ട് പ്ലേസ് പോലീസ് സ്റ്റേഷനില്‍ പുതിയ പരാതി നല്‍കിയത്. ഇതിലും തുടര്‍ നടപടികള്‍ സ്വീകരിക്കാത്ത സാഹചര്യത്തിലാണ് വീണ്ടും ഗുസ്തി താരങ്ങള്‍ പ്രതിഷേധത്തിന് തുടക്കമിട്ടത്. പരാതിക്കാരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ്.

Leave a Reply

Your email address will not be published.