Saturday, October 19, 2024
National

‘ഞങ്ങളുടെ ‘മന്‍ കീ ബാത്ത്’ കൂടി അങ്ങ് കേള്‍ക്കണം; പ്രധാനമന്ത്രിയോട് സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍

തങ്ങളുടെ ‘മന്‍ കീ ബാത്ത്’ എന്തുകൊണ്ട് കേള്‍ക്കുന്നില്ലെന്ന് പ്രധാനമന്ത്രിയോട് ചോദ്യവുമായി സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍. ബിജെപി നേതാവും റസ്ലിങ് ഫെഡറേഷന്‍ എംപിയുമായ ബ്രിജ് ഭൂഷണ്‍ സിംഗിനെതിരെ നടപടിയെടുക്കാന്‍ ചര്‍ച്ച വേണമെന്ന് ഗുസ്തി താരങ്ങള്‍ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയെ കണ്ട് പ്രശ്‌നം ചര്‍ച്ച ചെയ്യണമെന്നാണ് ഗുസ്തി താരങ്ങളുടെ ആവശ്യം.

ഗുസ്തി താരങ്ങള്‍ ഉന്നയിച്ച ഗുരുതര ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ മേല്‍നോട്ട സമിതി രൂപീകരിച്ചതിനെത്തുടര്‍ന്ന് താരങ്ങള്‍ സമരം അവസാനിപ്പിച്ചിരുന്നു. എന്നാല്‍ നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് ഞായറാഴ്ച വീണ്ടും സമരമാരംഭിച്ചു. ഏപ്രില്‍ അഞ്ചിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ച ആറംഗ മേല്‍നോട്ട സമിതിയുടെ കണ്ടെത്തലുകള്‍ കായിക മന്ത്രാലയം ഇതുവരെ പുറത്തുവിട്ടിട്ടില്ല.

‘ബേട്ടി ബച്ചാവോ’, ‘ബേട്ടി പഠാവോ’ എന്നിവയെക്കുറിച്ചെല്ലാം പ്രധാനമന്ത്രി സംസാരിക്കുന്നു. എല്ലാവരുടെയും ‘ മന്‍ കി ബാത്ത് ‘ കേള്‍ക്കുന്നു. പക്ഷേ അദ്ദേഹത്തിന് ഞങ്ങളുടെ’മന്‍ കി ബാത്ത്’ മാത്രം കേള്‍ക്കാന്‍ കഴിയുന്നില്ല. രാജ്യത്തിന് വേണ്ടി മെഡലുകള്‍ നേടുമ്പോള്‍ അദ്ദേഹം ഞങ്ങളെ വീട്ടിലേക്ക് ക്ഷണിക്കുകയും ബഹുമാനം നല്‍കുകയും ചെയ്യുന്നുണ്ട്. ഇനി ഞങ്ങള്‍ക്ക് പറയാനുള്ളത് അദ്ദേഹം കേള്‍ക്കണം’. സമരം ചെയ്യുന്ന ഗുസ്തി താരം സാക്ഷി മാലിക് പറഞ്ഞു.

‘കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഇക്കാര്യത്തില്‍ എന്താണ് മൗനം പാലിക്കുന്നത്? കൊതുകുശല്യം സഹിച്ച് റോഡില്‍ ഉറങ്ങാന്‍ തുടങ്ങിയിട്ട് നാല് ദിവസമായി. ഭക്ഷണമുണ്ടാക്കാനും പരിശീലനം നടത്താനും
ഞങ്ങളെ പൊലീസ് അനുവദിക്കുന്നില്ല. മൗനം പാലിക്കുന്ന കേന്ദ്രമന്ത്രി ഇവിടെ വരണം. ഞങ്ങളെ കാണണം. ഞങ്ങള്‍ പറയുന്നത് കേള്‍ക്കണം’. സാക്ഷി മാലിക് കൂട്ടിച്ചേര്‍ത്തു.

അതേസമയം ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ ഗുസ്തി താരങ്ങള്‍ ഉന്നയിച്ച ആരോപണങ്ങളില്‍ കേസെടുക്കാത്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഡല്‍ഹി വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു. നീതി ലഭിക്കും വരെ സമരം തുടരാനാണ് ഗുസ്തി താരങ്ങളുടെ തീരുമാനം.

Leave a Reply

Your email address will not be published.