പരാതി നല്‍കിയിട്ടും ബ്രിജ് ഭൂഷൻ സിംഗിനെതിരെ കേസെടുത്തില്ല, പ്രതിഷേധവുമായി വിണ്ടും ഗുസ്തി താരങ്ങള്‍
ദില്ലി: ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷൻ സിംഗിനെതിരെ പോലീസിൽ പരാതി നൽകിയിട്ടും എഫ്ഐആര്‍ ഇടാനോ കേസെടുക്കാനാ തയാറാവത്ത പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഗുസ്തി താരങ്ങള്‍ പ്രതിഷേധവുമായി വീണ്ടും ജന്തര്‍ മന്ദിറിലെത്തി. നേരത്തെ ഗുസ്തി താരങ്ങള്‍ ബ്രിജ് ഭൂഷനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ജന്ദര്‍ മന്ദിറില്‍ സമരം ചെയ്തതിനെ തുടര്‍ന്ന് കായിക മന്ത്രാലയം സമിതിയെ നിയോഗിച്ചിരുന്നെങ്കിലും സമിതി ഇതുവരെ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല.
ബ്രിജഭൂഷനെതിരെ വനിതാ താരങ്ങൾ ഉൾപ്പെടെ നേരത്തെ ലൈംഗികാരോപണം ഉയർത്തിയിരുന്നു. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത താരമടക്കം ഏഴ് വനിതാ ഗുസ്തി താരങ്ങള്‍ ബ്രിജ്ഭൂഷനെതിരെ പാര്‍ലമെന്‍റ് സ്ട്രീറ്റിലെ താന പൊലീസ് സ്റ്റേഷനില്‍ രണ്ട് ദിവസം മുമ്പ് പരാതി നല്‍കിയെങ്കിലും പരാതിയുടെ അടിസ്ഥാനത്തില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാനോ കേസ് എടുത്ത് അന്വേഷിക്കാനോ പോലീസ് തയാറാവുന്നില്ലെന്നാണ് ഗുസ്തി താരങ്ങളുടെ പരാതി.
തങ്ങള്‍ക്ക് ഒരേയൊരു പരാതിയെ ഉള്ളൂവെന്നും താരങ്ങള്‍ ഉയര്‍ത്തിയ പരാതിയില്‍ ഇതുവരെ ഒരു നടപടിയും സ്വീകരിക്കാന്‍ കായിക മന്ത്രാലയം തയാറായിട്ടില്ലെന്നും ഒളിംപിക്സ് വെങ്കല മെഡല്‍ ജേതാവായ ബജ്രംഗ് പൂനിയ പറഞ്ഞു.
നേരത്തെ ലൈംഗിക ആരോപണം ഉയര്‍ത്തി താരങ്ങള്‍ പ്രതിഷേധിച്ചപ്പോള്‍ സമിതിയെ നിയോഗിച്ച കായികമന്ത്രാലയം ഇക്കാര്യത്തില്‍ രണ്ട് മാസമായിട്ടും യാതൊരു നടപടിയെടുക്കാതിരുന്നതോടെയാണ് വനിതാ താരങ്ങള്‍ പൊലീസില്‍ പരാതി നല്‍കാന്‍ ശ്രമിച്ചത്. എന്നാല്‍ പോലീസ് തങ്ങളെ അവഗണിക്കുകയായിരുന്നുവെന്ന് താരങ്ങള്‍ പറഞ്ഞു. പരാതി സ്വീകരിക്കാന്‍ തയാറാകാത്ത പൊലീസ് നടപടിക്കെതിരെ വീണ്ടും ജന്തര്‍ മന്ദിറില്‍ പ്രതിഷേധിക്കുമെന്നും താരങ്ങള്‍ വ്യക്തമാക്കി. ബജ്രംഗ് പൂനിയ, സാക്ഷി മാലിക് തുടങ്ങിയവരടക്കം പ്രതിഷേധത്തിന്‍റെ ഭാഗമായി ജന്തർ മന്തറിലെത്തിയിട്ടുണ്ട്. അതിനിടെ ഗുസ്തി താരങ്ങൾ രണ്ടുദിവസം മുൻപ് പരാതി നൽകിയിട്ടും എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തതിൽ ദില്ലി പോലീസിന് ദില്ലി വനിതാ കമ്മീഷൻ അധ്യക്ഷ നോട്ടീസ് അയച്ചിട്ടുണ്ട്.