Saturday, April 12, 2025
Kerala

ഹരീഷ് പേങ്ങൻ പച്ചയായ മനുഷ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ അഭിനേതാവ്; അനുസ്മരിച്ച് മുഖ്യമന്ത്രി

നടൻ ഹരീഷ് പേങ്ങന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു. പച്ചയായ മനുഷ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ അഭിനേതാവായിരുന്നു ഹരീഷ് പേങ്ങനെന്ന് മുഖ്യമന്ത്രി പിണറായി അനുസ്മരിച്ചു. ചെറുതെങ്കിലും അദ്ദേഹം അവതരിപ്പിച്ച പല വേഷങ്ങളും പ്രേക്ഷകരുടെ മനസ്സിൽ തങ്ങിനിൽക്കുന്നതാണെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറയുന്നു.

കരൾ സംബന്ധമായ അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന നടൻ ഹരീഷ് പേങ്ങൻ അല്പസമയം മുമ്പാണ് അന്തരിച്ചത്. എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വയറുവേദനയുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് കരൾ രോ​ഗം സ്ഥിരീകരിച്ചത്. നേരത്തെ ഹരീഷിന്റെ ചികിത്സയ്ക്കായി സുഹൃത്തുക്കൾ സാമൂഹ്യമാധ്യമങ്ങൾ വഴി സഹായം അഭ്യർത്ഥിച്ചിരുന്നു. ചികിത്സയ്ക്കിടെയാണ് അപ്രതീക്ഷിത വിയോ​ഗം.

മഹേഷിന്റെ പ്രതികാരം, ഷഫീക്കിന്റെ സന്തോഷം, ഹണീ ബി 2.5, വെള്ളരിപ്പട്ടണം, ജാനേ മൻ, ജയ ജയ ജയ ഹേ, പ്രിയൻ ഓട്ടത്തിലാണ്, ജോ&ജോ, മിന്നൽ മുരളി തുടങ്ങി നിരവധി സമകാലിക സിനിമകളിൽ ഹരീഷ് പേങ്ങൻ വേഷമിട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *