കർഷക പോരാട്ടം ആരംഭിച്ചിട്ട് ഇന്ന് ഒരു വർഷം; താങ്ങുവില നിയമമില്ലെങ്കിൽ സമരം തുടരുമെന്ന് കർഷകർ
കാർഷിക നിയമങ്ങൾക്കെതിരായ കർഷക സംഘടനകളുടെ സമരം ആരംഭിച്ചിട്ട് ഇന്ന് ഒരു വർഷമാകുന്നു. കഴിഞ്ഞ നവബംർ 26ന് ഡൽഹിയിലേക്ക് പുറപ്പെട്ട ഡൽഹി ചലോ മാർച്ച് 27ാം തീയതിയാണ് സിംഘുവിൽ എത്തിയത്. പിന്നാലെ തിക്രി, ഗാസിപൂർ എന്നിവിടങ്ങളിലേക്കും കർഷകർ എത്തിയതോടെ രാജ്യതലസ്ഥാനം പ്രക്ഷോഭങ്ങളാൽ മുഖരിതമാകുകയായിരുന്നു
യുപിയിലും പഞ്ചാബിലും തെരഞ്ഞെടുപ്പ് വരാനിരിക്കെയാണ് തിരിച്ചടി മുന്നിൽ കണ്ട് കഴിഞ്ഞാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതായി അറിയിച്ചത്. ഇന്ന് സമരത്തിന്റെ ഒന്നാം വാർഷികം സിംഘുവിൽ ആചരിക്കുകയാണ്. അതിർത്തികളിൽ ട്രാക്ടർ റാലികളും നടക്കും
കാർഷിക നിയമങ്ങൾ പിൻവലിച്ചതു കൊണ്ട് മാത്രം സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് കർഷകർ. താങ്ങുവിലക്കായി നിയമം കൂടി കൊണ്ടുവരണമെന്ന് ഇവർ ആവശ്യപ്പെടുന്നു. എന്നാൽ ഇതിന് പ്രായോഗിക തടസ്സങ്ങളുണ്ടെന്നാണ് കേന്ദ്രം പറയുന്നത്.