ഇത് കർഷകരുടെ വിജയം: കർഷകരോടുള്ള നയങ്ങളും മാറണമെന്ന് അഖിലേന്ത്യാ കിസാൻ സഭ
വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ച കേന്ദ്രസർക്കാർ തീരുമാനം കർഷകരുടെ വിജയമെന്ന് അഖിലേന്ത്യാ കിസാൻ സഭ. നിയമങ്ങൾ മാത്രമല്ല, കർഷകരോടുള്ള നയങ്ങളും മാറണമെന്നും പ്രശ്‌നങ്ങൾക്ക് പൂർണമായ പരിഹാരം വേണമെന്നും അഖിലേന്ത്യാ കിസാൻ സഭ അറിയിച്ചു
കിസാൻ മോർച്ച ഇന്ന് യോഗം ചേരുന്നുണ്ട്. സമരം പിൻവലിക്കുന്ന കാര്യത്തിലടക്കം യോഗം തീരുമാനമെടുക്കും. ഇന്ന് രാവിലെയാണ് മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചത്. ഗുരു നാനാക്ക് ദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്താണ് പ്രഖ്യാപനം
അടുത്ത മാസം ചേരുന്ന കാബിനറ്റ് യോഗത്തിൽ ഔദ്യോഗികമായി തീരുമാനം കൈക്കൊള്ളുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വ്യാപകമായി എതിർപ്പുയർന്ന സാഹചര്യത്തിൽ മൂന്ന് നിയമങ്ങളും പിൻവലിക്കുകയാണെന്നും നിയമം ചിലർക്ക് ബുദ്ധിമുട്ടുണ്ടാക്കിയ സാഹചര്യത്തിലാണ് തീരുമാനമെന്നും മോദി പറഞ്ഞു.
താങ്ങുവില അടക്കം തീരുമാനിക്കാൻ പ്രത്യേക സമിതി രൂപീകരിക്കും. കർഷകർ സമരം അവസാനിപ്പിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.