Thursday, January 9, 2025
Gulf

80 രാജ്യങ്ങള്‍,ആറു മാസത്തെ ആഘോഷം; 30 ലക്ഷം സന്ദര്‍ശകര്‍: ‘എക്‌സ്‌പോ 2023 ദോഹ’ പ്രഖ്യാപിച്ചു

 

ദോഹ:
80 രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ അന്താരാഷ്ട്ര ഹോര്‍ട്ടികള്‍ച്ചറല്‍ എക്സിബിഷന്‍, എക്സ്പോ 2023 അല്‍ ബിദ്ദ പാര്‍ക്കില്‍ നടക്കും. 2023 ഒക്ടോബര്‍ രണ്ടിന് തുടങ്ങുന്ന മേള 2024 മാര്‍ച്ച് 28 വരെ നീണ്ടുനില്‍ക്കും.

‘ഗ്രീന്‍ ഡെസേര്‍ട്ട് ബെറ്റര്‍ എന്‍വയോണ്‍മെന്റ്’എന്ന പ്രമേയത്തിന് കീഴില്‍ മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക മേഖല (മെന) എന്നിവിടങ്ങളില്‍ നടക്കുന്ന ആദ്യ ഇവന്റാണിത്. 1.7 ദശലക്ഷം ചതുരശ്ര മീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന എക്‌സ്‌പോ 30 ലക്ഷം സന്ദര്‍ശകരെ പ്രതീക്ഷിക്കുന്നു.

”ഈ ഇവന്റിന് ആതിഥേയത്വം വഹിക്കുന്നതിലൂടെ പരിസ്ഥിതി, സാംസ്‌കാരിക വിഷയങ്ങളില്‍ അന്താരാഷ്ട്ര സഹകരണം പ്രോത്സാഹിപ്പിക്കുന്നതിന് ഞങ്ങള്‍ ശ്രമിക്കും.’, മുനിസിപ്പാലിറ്റി മന്ത്രി ഡോ. അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ സുബൈയ് ഒരു പ്രസ്താവനയില്‍ പറഞ്ഞു.

എല്ലാ അന്താരാഷ്ട്ര മേളകളുടെയും മേല്‍നോട്ടത്തിനും ഓര്‍ഗനൈസേഷനും ഉത്തരവാദിത്തമുള്ള അന്തര്‍ സര്‍ക്കാര്‍ സ്ഥാപനമായ ബി.ഐ.ഇയുടെ മേല്‍നോട്ടത്തിലായിരിക്കും പരിപാടി.

ആദ്യമായാണ് ഖത്തറില്‍ എ1 ഇന്റര്‍നാഷണല്‍ ഹോര്‍ട്ടികള്‍ച്ചറല്‍ എക്സിബിഷന്‍ നടക്കുന്നതെന്നും മെന മേഖലയില്‍ ഇത്തരത്തിലുള്ള ആദ്യത്തേതായിരിക്കുമെന്നും മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ പബ്ലിക് പാര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടറും എക്സ്പോ ആതിഥേയത്വം വഹിക്കുന്നതിനുള്ള നാഷണല്‍ കമ്മിറ്റി സെക്രട്ടറി ജനറലുമായ മുഹമ്മദ് അലി അല്‍ ഖൂരി പറഞ്ഞു.

ആധുനിക കൃഷി, സാങ്കേതികവിദ്യയും നവീകരണവും, പരിസ്ഥിതി അവബോധം, സുസ്ഥിരത എന്നിവയുള്‍പ്പെടെ നാല് ഉപ വിഷയങ്ങളാണ് ഇവന്റില്‍ തീമായുള്ളത്. 179 ദിവസങ്ങളിലായി 80 രാജ്യങ്ങള്‍ പങ്കെടുക്കുന്ന എക്സ്പോയില്‍ ഖത്തറിന് അഭിമാനമുണ്ടെന്ന് അല്‍ ഖൗരി പറഞ്ഞു.

എക്‌സിബിഷനുകള്‍, നയതന്ത്ര കൂടിക്കാഴ്ചകള്‍, ബിസിനസ് മീറ്റിംഗുകള്‍, പൊതു ചര്‍ച്ചകള്‍ എന്നിവയുള്‍പ്പെടെയുള്ള വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിയാന്‍ ഈ എക്‌സിബിഷന്‍ മൂന്ന് ദശലക്ഷം സന്ദര്‍ശകര്‍ക്ക് അവസരം നല്‍കുമെന്നും അല്‍ ഖൂരി പറഞ്ഞു.

അതേസമയം, എക്സിബിഷന്‍ വേദിയെ ഇന്റര്‍നാഷണല്‍ സോണ്‍, ഫാമിലി ഏരിയ, കള്‍ച്ചറല്‍ ഡിസ്ട്രിക്റ്റ് എന്നിങ്ങനെ മൂന്ന് മേഖലകളായി തിരിച്ചിരിക്കുന്നതായി എക്സ്പോ 2023 ദോഹയുടെ ഇവന്റ്സ് ഡിപ്പാര്‍ട്ട്മെന്റ് ആന്‍ഡ് കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ഹൈഫ അല്‍ ഒതൈബി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *