മൊഫിയയുടെ ആത്മഹത്യ: അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു
നിയമ വിദ്യാർഥിനിയായിരുന്ന മൊഫിയ പർവീൺ ആത്മഹത്യ ചെയ്ത കേസ് എറണാകുളം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഡിവൈഎസ്പി രാജീവനാണ് അന്വേഷണ ചുമതല. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്
മൊഫിയ ആത്മഹത്യ ചെയ്ത സംഭവത്തിൽ കേസ് എടുക്കുന്നതിൽ സി ഐക്ക് വീഴ്ചയുണ്ടായതായാണ് പോലീസ് റിപ്പോർട്ട്. ഒക്ടോബർ 29ന് പരാതി കിട്ടിയിട്ടും 25 ദിവസം സിഐ സുധീർ കേസ് എടുത്തില്ല. സുധീർ തന്റെ മകളെ മാനസിക രോഗിയെന്ന് വിളിച്ച് അപമാനിച്ചതായി മൊഫിയയുടെ അമ്മയും ആരോപിക്കുന്നു
എന്നാൽ ദൈനംദിന ചുമതലകളുടെ ബാഹുല്യം കാരണം അന്വേഷണം മറ്റൊരാളെ ഏൽപ്പിക്കുകയായിരുന്നുവെന്ന് സിഐ പറയുന്നു. ഈ ഉദ്യോഗസ്ഥൻ രണ്ട് വീട്ടുകാരുമായും ബന്ധപ്പെട്ടിരുന്നു. ഒടുവിൽ നവംബർ 18ന് ഹാജരാകാൻ നിർദേശിച്ചു. എന്നാൽ പരീക്ഷയുണ്ടെന്ന് പറഞ്ഞ് മൊഫിയ വന്നില്ല
ആത്മഹത്യ ചെയ്ത ദിവസം പോലീസ് സ്‌റ്റേഷനിൽ വെച്ച് നടന്ന ചർച്ചക്കിടെ സുഹൈൽ അപമര്യാദയായി സംസാരിച്ചതിൽ പ്രകോപിതയായി മൊഫിയ സുഹൈലിനെ അടിച്ചു. ഇത് ബഹളത്തിനിടയാക്കി. സിഐ ഈ ഘട്ടത്തിൽ അവസരോചിതമായി ഇഇടപെട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.