ഗ്രാമവികസനത്തിനായി ഖജനാവ് തുറന്നത് ബിജെപി സർക്കാർ; പ്രധാനമന്ത്രി
ഇന്ത്യയിലെ മുൻ ഭരണകൂടങ്ങൾ ഗ്രാമങ്ങളോട് ചെയ്ത അനീതി ബിജെപി സർക്കാർ അവസാനിപ്പിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗ്രാമങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ ബിജെപി സർക്കാർ അധികാരത്തിലെത്തേണ്ടി വന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. മദ്ധ്യപ്രദേശിലെ രേവയിൽ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.ഇന്ന് ഇന്ത്യയിലെ പഞ്ചായത്തുകൾ ഗ്രാമങ്ങളുടെ വികസനത്തിന്റെ ജീവവായുവാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
2014ന് മുമ്പ് വരെ രാജ്യത്താകെ 6000 പഞ്ചായത്ത് കെട്ടിടങ്ങൾ മാത്രമാണ് നിർമ്മിച്ചത്. എന്നാൽ കഴിഞ്ഞ എട്ട് വർഷത്തിനിടെ ബിജെപിയുടെ ഭരണത്തിന് കീഴിൽ 30,000ത്തിൽ അധികം പുതിയ പഞ്ചായത്ത് കെട്ടിടങ്ങൾ ഉയർന്നു. ഗ്രാമങ്ങളിലെ ജനങ്ങളെ തമ്മിൽ ഭിന്നിപ്പിക്കുന്നതിനാണ് മുൻ കാലങ്ങളിൽ പല രാഷ്‌ട്രീയ പാർട്ടികളും ശ്രമിച്ചിരുന്നതെന്നും ഗ്രാമങ്ങളുടെ വികസനത്തിനായി ഖജനാവ് ഉപയോഗിച്ചത് ബിജെപി സർക്കാർ ആണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
രാജ്യത്തെ രണ്ട് ലക്ഷത്തിലധികം പഞ്ചായത്തുകളെ ഒപ്റ്റിക്കൽ ഫൈബറുമായി ബന്ധിപ്പിച്ചിട്ടുണ്ട്. മുൻ സർക്കാർ 70ൽ താഴെ ഗ്രാമപഞ്ചായത്തുകളെ മാത്രമാണ് ഒപ്റ്റിക്കൽ ഫൈബറുമായി ബന്ധിപ്പിച്ചിരുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. നേരത്തെ 70,000 കോടി രൂപയിൽ താഴെയായിരുന്നു പഞ്ചായത്തുകൾക്കായി അനുവദിച്ചിരുന്ന ബജറ്റ്. എന്നാൽ 2014ന് ശേഷം ബജറ്റ് തുക രണ്ട് ലക്ഷം കോടി രൂപയായി ഉയർത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.