‘എന്നെ നിത്യവും തെറി പറയുന്നവരുണ്ട്, നിരാശയാണ് കാരണം’; പ്രധാനമന്ത്രി
പ്രതിപക്ഷ പാർട്ടികൾക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷ നേതാക്കളിൽ നിന്ന് പ്രതിദിനം രണ്ട് മൂന്ന് കിലോ അധിക്ഷേപമാണ് തനിക്ക് ലഭിക്കുന്നത്. എന്നാൽ താൻ അവയെ പോഷകങ്ങളായി ഉപയോഗിക്കുന്നതായും മോദി പറഞ്ഞു. തെലങ്കാനയിലെ ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
‘നിരാശയും ഭയവും അന്ധവിശ്വാസവും കാരണം ചിലർ രാവിലെ മുതൽ വൈകുന്നേരം വരെ എന്നെ അധിക്ഷേപിക്കാറുണ്ട്. എന്നാൽ ഇതൊന്നും എനിക്ക് പ്രശ്നമല്ല. ഈ തന്ത്രങ്ങളിൽ നിങ്ങൾ വഴിതെറ്റിപ്പോകരുതെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു.’ – മോദി പറഞ്ഞു. ‘ആളുകൾ എന്നോട് ചോദിക്കുന്നു, ഞാൻ തളർന്നില്ലേ? ദിവസവും എനിക്ക് 2-3 കിലോ വരെ മോശം വാക്കുകൾ ലഭിക്കുന്നു, എന്നാൽ ഞാൻ അതിനെ പോഷകാഹാരമായി മാറ്റുന്നു’ – മോദി കൂട്ടിച്ചേർത്തു.
‘എന്നെയും ബിജെപിയെയും അധിക്ഷേപിക്കുന്നതിലൂടെ തെലങ്കാനയുടെ അവസ്ഥയും ജനങ്ങളുടെ ജീവിതവും മെച്ചപ്പെടുകയാണെങ്കിൽ, ഞങ്ങളെ അധിക്ഷേപിക്കുന്നത് തുടരുക. പക്ഷേ തെലങ്കാനയിലെ ജനങ്ങളെ അധിക്ഷേപിക്കാമെന്ന് പ്രതിപക്ഷം കരുതുന്നുവെങ്കിൽ, അത് വെച്ചുപൊറുപ്പിക്കില്ല’ – മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിനെ ലക്ഷ്യം വച്ച് പ്രധാനമന്ത്രി പറഞ്ഞു.