ഇൻഡിഗോ വിമാനത്തിലെ സുരക്ഷാവീഴ്ച; വാതിൽ തുറന്നത് ബിജെപി എംപിയെന്ന് ദൃക്സാക്ഷി
ഇൻഡിഗോ വിമാനത്തിൻ്റെ എമർജൻസി വാതിൽ തുറന്നത് ബിജെപി എംപി തേജസ്വി സൂര്യയെന്ന് ദൃക്സാക്ഷി പറഞ്ഞതായി റിപ്പോർട്ട്. ബിജെപി ബെംഗളൂരു സൗത് ലോക്സഭാ എം.പി.യാണ് തേജസ്വി സൂര്യ. തേജസ്വി സൂര്യക്കൊപ്പം തമിഴ്നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈയും ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അന്വേഷണം പ്രഖ്യാപിച്ചു. യാത്രക്കാരൻ വാതിൽ തുറന്നതിനെ തുടർന്ന് വിമാനം പുറപ്പെടാൻ രണ്ട് മണിക്കൂർ വൈകിയിരുന്നു.
ചെന്നൈ വിമാനത്താവളത്തിൽ ഡിസംബർ 10നാണ് സംഭവം നടന്നത്. എമർജൻസി വാതിലിനടുത്തിരുന്ന യാത്രക്കാരൻ അധികൃതരുടെ അനുവാദമില്ലാതെ വാതിൽ തുറക്കുകയായിരുന്നു. മറ്റ് യാത്രക്കാർ പരിഭ്രാന്തരായതോടെ ഇവരെയൊക്കെ പുറത്തിറക്കി വിമാനം പരിശോധിച്ചു. രണ്ട് മണിക്കൂറിനു ശേഷമാണ് പിന്നീട് വിമാനം പുറപ്പെട്ടത്.
അബദ്ധത്തിൽ വാതിൽ തുറന്നതാണെന്ന് തേജസ്വി സൂര്യ അധികൃതരെ അറിയിച്ചു എന്നാണ് റിപ്പോർട്ട്. വിമാനക്കമ്പനിക്ക് അദ്ദേഹം മാപ്പെഴുതിനൽകി. അടിയന്തര സാഹചര്യത്തിൽ എമർജൻസി വാതിൽ എങ്ങനെയാണ് തുറക്കേണ്ടതെന്ന് ക്യാബിൻ ക്രൂ വിശദീകരിക്കുന്നതിനിടെ തേജസ്വി സൂര്യ വാതിൽ തുറക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. വാതിൽ തുറന്നത് ആരാണെന്ന് പറയാൻ കമ്പനി തയ്യാറായിട്ടില്ല.