Thursday, January 9, 2025
Kerala

ലാവ്‌ലിൻ കേസ് മാറ്റിവച്ചത് 33-ാം തവണ, ഇത് മറ്റൊരു നാടകം; സത്യം പുറത്തുവരുമെന്ന് കെ. സുധാകരൻ

ലാവ്‌ലിൻ കേസ് 33-ാം തവണ മാറ്റിവച്ചത് മറ്റൊരു നാടകത്തിലൂടെയാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. ഇത്രയേറെ തവണ മാറ്റിവയ്ക്കപ്പെട്ട മറ്റൊരു സുപ്രധാന കേസ് സുപ്രീംകോടതിയുടെ ചരിത്രത്തിൽ കാണില്ല.
പരമോന്നത നീതിപീഠത്തിലും നീതിന്യായവ്യവസ്ഥയിലും ജനങ്ങൾക്ക് പാടേ വിശ്വാസം നഷ്ടപ്പെടുന്ന ഈ നടപടിയുടെ പിന്നിലുള്ള നാടകങ്ങൾ എന്നെങ്കിലും പുറത്തുവരും. പരമോന്നത കോടതിയിൽ ഇതാണു സംഭവിക്കുന്നതെങ്കിൽ ജനങ്ങൾ നീതിതേടി എവിടെപ്പോകും എന്ന ചോദ്യമാണ് ഉയരുന്നത്.

ഹൈക്കോടതിയിൽ കേസ് കേട്ട മലയാളി ജഡ്ജി സി.ടി രവികുമാർ അക്കാരണം പറഞ്ഞ് പിൻമാറിയതുമൂലമാണ് സുപ്രീംകോടതി കേസ് പരിഗണിക്കുന്നതിൽനിന്ന് പിൻമാറിയത്. സി.ടി രവികുമാർ ലാവ്‌ലിൻ കേസ് ഹൈക്കോടതിയിൽ കേട്ട ജഡ്ജിയാണെന്ന് എല്ലാവർക്കും അറിയാമെന്നിരിക്കെ എങ്ങനെയാണ് അദ്ദേഹവും ജസ്റ്റിസ് എംആർ ഷായും ഉൾപ്പെടുന്ന രണ്ടംഗ ബെഞ്ച് സുപ്രീംകോടതി രൂപീകരിച്ചതെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കണം.

ഈ കേസ് കേട്ട ജഡ്ജി എന്ന നിലയ്ക്ക് അദ്ദേഹത്തിനു ബെഞ്ചിൽനിന്ന് നേരത്തെ പിൻമാറാമായിരുന്നു. എന്തുകൊണ്ടാണ് അതു ചെയ്യാതിരുന്നതെന്നത് ദുരൂഹമാണ്. വലിയ വിമർശനങ്ങളും ആരോപണങ്ങളും കേസ് മാറ്റിവയ്ക്കൽ സംബന്ധിച്ച് ഉയരുന്നുണ്ട്.

നേരത്തെ 32 തവണയും ഇതേ രീതിയിലാണ് ലാവ്‌ലിൻ കേസ് മാറ്റിവച്ചത്. ഓരോ തവണത്തെയും കാരണങ്ങൾ ചികഞ്ഞാൽ ഞെട്ടിക്കുന്ന പിന്നാമ്പുറക്കഥകൾ പുറത്തുവരും. ഇപ്പോൾ 5 മാസത്തിനുശേഷമാണ് സുപ്രീംകോടതി കേസ് പരിഗണിച്ചത്. കേരളത്തിന് ഡൽഹിയിലുള്ള പിടിപാട് എത്ര ശക്തമാണെന്ന് വ്യക്തം. കേരള സന്ദർശനത്തിനെത്തുന്ന പ്രധാനമന്ത്രിക്ക് ഏറ്റവും സന്തോഷകരമായ ഒരു വാർത്തയാണ് മുഖ്യമന്ത്രിക്ക് നല്കാനുള്ളതെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *