സ്വവര്‍ഗ വിവാഹം പാര്‍ലമെന്റിന് വിടേണ്ട വിഷയം; പ്രമേയം പാസാക്കി ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ
99.9ശതമാനം ഇന്ത്യക്കാരും സ്വവര്‍ഗ വിവാഹത്തെ എതിര്‍ക്കുന്നവരാണെന്ന് ബാര്‍ കൗണ്‍സില്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ. സ്വവര്‍ഗ വിവാഹം പാര്‍ലമെന്റിന് വിടേണ്ട വിഷയമാണ്. LGBTQIA+ വ്യക്തികള്‍ക്ക് സ്വവര്‍ഗ വിവാഹത്തിനുള്ള അവകാശങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജികളില്‍ സുപ്രിം കോടതി വാദം കേള്‍ക്കുന്നതില്‍ ഉത്കണ്ഠ പ്രകടിപ്പിച്ച് ബാര്‍ കൗണ്‍സില്‍ പ്രമേയം പാസാക്കി.
സംസ്ഥാന ബാര്‍ കൗണ്‍സിലുകളും ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുമായുള്ള സംയുക്ത യോഗത്തിലാണ് സ്വവര്‍ഗ വിവാഹം പോലുള്ള വിഷയങ്ങള്‍ വിവിധ സാമൂഹിക, മത വിഭാഗങ്ങളെ ഉള്‍പ്പെടുത്തി പാര്‍ലമെന്റിന്‌റെ പരിഗണനയ്ക്ക് വിടേണ്ട വിഷയമാണെന്ന് വ്യക്തമാക്കുന്ന പ്രമേയം പാസാക്കിയത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഏപ്രില്‍ 18 നാണ് ഹര്‍ജികളില്‍ വാദം കേള്‍ക്കാന്‍ തുടങ്ങിയത്.
വിഷയത്തില്‍ സുപ്രിുംകോടതിയുടെ ഏത് ഇടപെടലും രാജ്യത്തിന്റെ സാമൂഹിക ഘടനയെ അസ്ഥിരപ്പെടുത്തുമെന്ന് ബാര്‍ കൗണ്‍സില്‍ ചൂണ്ടിക്കാട്ടി. ഇന്ത്യ ലോകത്തിലെ ഏറ്റവും സാമൂഹികമത വൈവിധ്യമുള്ള രാജ്യങ്ങളിലൊന്നാണ്. വിവിധ വിശ്വാസങ്ങള്‍ അതിലുള്‍പ്പെടുന്നു. സാമൂഹിക ഘടനയുമായി പൊരുത്തപ്പെടാന്‍ സാധ്യതയുള്ള ഏതൊരു കാര്യവും നിയമനിര്‍മ്മാണ പ്രക്രിയയിലൂടെ മാത്രമേ ഉണ്ടാകാവൂ. ഇത്തരം സെന്‍സിറ്റീവ് വിഷയങ്ങളില്‍ കോടതിയുടെ ഇടപെടലുകള്‍ ഭാവിതലമുറയ്ക്ക് ദോഷകരമാകുമെന്ന് ബാര്‍ കൗണ്‍സില്‍ ചൂണ്ടിക്കാട്ടി.
നിയമനിര്‍മ്മാണ സഭ ഉണ്ടാക്കുന്ന നിയമങ്ങള്‍ ജനാധിപത്യപരമാണ്. കാരണം അവ സമഗ്രമായ കൂടിയാലോചനകള്‍ക്ക് ശേഷമാണ് ഉണ്ടാകുന്നത്. അവ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും കാഴ്ചപ്പാടുകള്‍ പ്രതിഫലിപ്പിക്കുന്നു. നിയമനിര്‍മ്മാണ സഭ പൊതുജനങ്ങളോട് ഉത്തരവാദിത്തമുള്ളതാണ്. അതിനാല്‍ വിഷയം പാര്‍ലമെന്റിന്റെ പരിഗണനയ്ക്ക് വിടണമെന്ന നിലപാടിലാണ് ബിസിഐ.