പ്രായപൂർത്തിയാകാത്ത പെൺകുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു; മൃതദേഹം പൊലീസ് വലിച്ചിഴച്ചു; പ്രദേശത്ത് സംഘർഷം
ആദിവാസെ വിഭാഗത്തിൽ നിന്നുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയെന്ന് ആരോപിച്ച് ബംഗാളിലെ കാളിഗഞ്ചിൽ പരക്കെ അക്രമം. പെൺകുട്ടിയുടെ മൃതശരീരം പൊലീസ് ഉദ്യോഗസ്ഥർ തെരുവിലൂടെ വലിച്ചിഴയ്ക്കുന്ന വീഡിയോ പുറത്തു വന്നത് അക്രമത്തിന്റെ തോത് വർധിക്കുന്നതിന് കാരണമായി. ബിജെപിയുടെ ഐടി സെൽ തലവൻ അമിത് മാളവ്യയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്.
പശ്ചിമ ബംഗാളിലെ ഉത്തർ ദിനാജ്പുർ ജില്ലയിലെ ഗംഗുവ ഗ്രാമത്തിലാണ് സംഭവം. വ്യാഴാഴ്ച വൈകീട്ട് ട്യൂഷന് പോയ കുട്ടിയെ കാണാതാവുകയായിരുന്നു. തുടർന്ന്, ബന്ധുക്കളും നാട്ടുകാരും തിരച്ചിലിൽ വെള്ളിയാഴ്ച രാവിലെ സമീപത്തിലെ കുളത്തിൽ നിന്ന് കുട്ടിയുടെ മൃതദേഹം ലഭിച്ചു. തുടർന്ന് സംഭവസഥലത്ത് എത്തിയ പൊലീസ് മൃതദേഹം പോസ്റ്റ് മോർട്ടമിന് അയക്കുകയായിരുന്നു. എന്നാൽ, കുട്ടിയെ റോഡിലൂടെ വലിച്ചിഴക്കുന്ന വീഡിയോ പുറത്തു വന്നത് പൊലീസിനെയും ഭരണകൂടത്തെയും പ്രതിരോധത്തിലാക്കി.
എന്നാൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന് ആരോപിച്ച് ഗ്രാമവാസികൾ പ്രതിഷേധ പ്രകടനം നടത്തി കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. പ്രകടനത്തിനിടെ ഗ്രാമവാസികൾ റോഡ് ഉപരോധിക്കുകയും ടയറുകൾ കത്തിക്കുകയും പോലീസിന് നേരെ കല്ലെറിയുകയും ചെയ്തു. പെൺകുട്ടിക്ക് നീതി ലഭിക്കണം എന്ന് ആവശ്യപ്പെട്ട് നാട്ടുകാർ തെരുവിലിറങ്ങിയത് കലാപത്തിന് കാരണമായി. തുടർന്ന്, ഗ്രാമത്തിൽ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. വിഷയത്തിൽ രണ്ടു പേരെ അറസ്റ്റ് ചെയ്‌തെന്ന് വടക്കേ ദിനാജ്പുരിലെ പൊലീസ് ഉദ്യോഗസ്ഥനായ സന അക്തർ വ്യക്തമാക്കിയിട്ടുണ്ട്.
കേസിൽ സമയബന്ധിതമായി അന്വേഷണം നടത്തണമെന്നും മൃതദേഹം വലിച്ചിഴച്ചുവെന്നാരോപിക്കപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കണമെന്നും ദേശീയ വനിതാ കമ്മീഷൻ പശ്ചിമ ബംഗാൾ ഡിജിപിയോട് ആവശ്യപ്പെട്ടു.