ഡൽഹിയിൽ പ്രായപൂർത്തിയാകാത്ത 2 പെൺകുട്ടികളെ പീഡിപ്പിച്ച 60 കാരൻ പിടിയിൽ
നോർത്ത് വെസ്റ്റ് ഡൽഹിയിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ 60 കാരൻ പീഡിപ്പിച്ചു. അയൽക്കാരനായ പ്രതി പെൺകുട്ടികളെ പ്രലോഭിപ്പിച്ച് വീട്ടിലെത്തിച്ച ശേഷം പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ ആരോപിക്കുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് വയോധികനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
പീഡനത്തിനിരയായ പെൺകുട്ടികൾ മോഡൽ ടൗൺ ഏരിയയിൽ കുടുംബത്തോടൊപ്പമാണ് താമസിക്കുന്നത്. അയൽവാസി ദിവസങ്ങളായി തന്നെ പീഡിപ്പിക്കുകയാണെന്ന് 7 വയസുകാരി അമ്മയോട് വെളിപ്പെടുത്തി. ചോക്ലേറ്റും കളിപ്പാട്ടങ്ങളും പണവും നൽകിയ ശേഷമായിരുന്നു പീഡനം. തൻ്റെ പ്രായമുള്ള മറ്റൊരു പെൺകുട്ടിയേയും ഇയാൾ പീഡിപ്പിച്ചതായി കുട്ടി പറഞ്ഞു. ഇവർ മറ്റേ പെൺകുട്ടിയുടെ വീട്ടുകാരെ വിളിച്ച് കാര്യം അറിയിച്ചു.
തുടർന്ന് ബലാത്സംഗം, പീഡനം, പോക്സോ നിയമം, ഭീഷണിപ്പെടുത്തൽ എന്നിവ പ്രകാരം പൊലീസ് കേസെടുത്തു. പരാതി നൽകിയെന്നറിഞ്ഞയുടൻ പ്രതി രക്ഷപ്പെട്ടു. അടിയന്തര നടപടി സ്വീകരിച്ച പൊലീസ് സാധ്യതയുള്ള സ്ഥലങ്ങളിൽ റെയ്ഡ് നടത്തി പ്രതികളെ പിടികൂടി. പ്രദേശത്ത് പൂമാലകൾ വിൽക്കുന്ന ജോലിയാണ് പ്രതി ചെയ്യുന്നത്. കേസിന്റെ ഗൗരവം കണക്കിലെടുത്ത് ഉദ്യോഗസ്ഥർ പെൺകുട്ടികൾക്ക് കൗൺസിലിംഗ് നടത്തി.