‘കഴിഞ്ഞ 19 വർഷം തനിക്ക് ഈ വീട് നൽകിയത് ജനങ്ങൾ’; രാഹുല്‍ ഗാന്ധി ഔദ്യോഗിക വസതി ഒഴിഞ്ഞു
രാഹുൽ ഗാന്ധി ഔദ്യോഗിക വസതി ഒഴിഞ്ഞു. വീട് പൂട്ടി രാഹുൽ ഗാന്ധി തന്നെ ഉദ്യോഗസ്ഥർക്ക് താക്കോൽ കൈമാറി. ഡല്‍ഹി തുഗ്ലക് ലൈനിലെ വസതിയാണ് ഒഴിഞ്ഞത്. രാഹുല്‍ ഗാന്ധി ഇനി അമ്മ സോണിയ ഗാന്ധിക്കൊപ്പം 10 ജന്‍പഥില്‍ താമസിക്കും.
ജനങ്ങളാണ് കഴിഞ്ഞ 19 വർഷം തനിയ്ക്ക് ഈ വീട് നൽകിയതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. അവരോട് നന്ദി പറയുന്നു. സത്യം പറഞ്ഞതിന്റെ വിലയാണിത്, സത്യം പറയുന്നതിന് വേണ്ടി എന്ത് വിലയും നൽകാൻ താൻ തയ്യാറാണെന്നും അദ്ദേഹം പ്രതികരിച്ചു.
വസതി ഒഴിയുന്നതിനു മുന്നോടിയായി രാഹുല്‍ ഇന്ന് രാവിലെ പാർലമെന്റിൽ എത്തി ലോക്സഭാ സെക്രട്ടറിയേറ്റിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി. ലോക്സഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കപ്പെട്ടതോടെ രാഹുലിനോട് വസതി ഒഴിയാൻ ലോക്സഭാ സെക്രട്ടറിയറ്റ് ആവശ്യപ്പെടുകയായിരുന്നു. അപകീർത്തി കേസിൽ ശിക്ഷാവിധി വന്നതിനു പിന്നാലെ രാഹുല്‍ വസതി ഒഴിയാനുള്ള നീക്കങ്ങള്‍ തുടങ്ങിയിരുന്നു. ട്രക്കുകളില്‍ സാധനങ്ങൾ മാറ്റി.
അതിനിടെ അപകീർത്തി കേസിൽ നേരിട്ട് ഹാജരാകണമെന്ന പറ്റ്ന കോടതി ഉത്തരവിനെതിരെ രാഹുൽ ഗാന്ധി ബിഹാർ ഹൈക്കോടതിയെ സമീപിച്ചു. സുശീല്‍ കുമാര്‍ മോദി പറ്റ്ന കോടതിയിൽ നൽകിയ മാനനഷ്ടക്കേസിലാണ് രാഹുൽ ഗാന്ധി പറ്റ്ന ഹൈക്കോടതിയെ സമീപിച്ചത്. സമന്‍സ് റദ്ദാക്കണമെന്നാണ് ആവശ്യം.