Saturday, January 11, 2025
Kerala

പ്രധാനമന്ത്രിയുടെ സന്ദർശനം; തമ്പാനൂർ ഡിപ്പോ ഏപ്രിൽ 25ന് രാവിലെ എട്ടു മുതൽ 11 വരെ അടച്ചിടും

പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് തമ്പാനൂർ ഡിപ്പോ അടച്ചിടാൻ തീരുമാനം.ഏപ്രിൽ 25 ന് രാവിലെ 8 മുതൽ രാത്രി 11 വരെ ഡിപ്പോ പ്രവർത്തനം ഉണ്ടാകില്ല. ഡിപ്പോയിൽ നിന്നു സർവീസും ഉണ്ടാകില്ല. ഡിപ്പോ കോംപ്ലക്‌സിലെ കടകൾക്കും പ്രവർത്തനാനുമതി ഇല്ല. പാർക്കിങിനും അനുമതിയുണ്ടാകില്ല.

ബസ് സ്റ്റാൻഡിലെ പാർക്കിംഗ് എല്ലാം തലേ ദിവസം ഒഴിപ്പിക്കും. തമ്പാനൂരിൽനിന്നുള്ള ബസ് സർവീസുകളെല്ലാം വികാസ് ഭവനിൽനിന്നായിരിക്കും ഓപ്പറേറ്റ് ചെയ്യുന്നത്. ഇന്ന് ചേർന്ന കെഎസ്ആർടിസി ഉന്നത ഉദ്യോഗസ്ഥരുടെയും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെയും യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്.

ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിന് ചേർത്ത് ചീഫ് സെക്രട്ടറി അവലോകന യോഗം വിളിച്ചു. പ്രോട്ടോകോൾ ബ്ലൂ ബുക്ക് പ്രകാരമുള്ള രണ്ടാമത്തെ യോഗമാണ് ചേർന്നത്. പോലീസ് പറയുന്നത്ര ആളുകൾ റോഡ് ഷോയിൽ ഉണ്ടാകില്ലെന്ന് ബിജെപി നേതൃത്വം അറിയിച്ചു. മറ്റന്നാളാണ് നരേന്ദ്ര മോദി കേരളത്തിൽ എത്തുന്നത്.

പ്രധാനമന്ത്രി കൊച്ചിയിലും തിരുവനന്തപുരത്തുമായി പങ്കെടുക്കുന്ന പരിപാടികളുടെ സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നത്. ഡി.ജി.പി, ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി, തിരുവനന്തപുരം – കൊച്ചി സിറ്റി പോലീസ് കമ്മീഷണർമാർ, ബിജെപി സംസ്ഥാന അധ്യക്ഷൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഓൺലൈനായാണ് യോഗം ചേർന്നത്. റോഡ് ഷോയിൽ ആളുകളെ പങ്കെടുപ്പിക്കുന്നത് സംബന്ധിച്ച് യോഗത്തിൽ വ്യത്യസ്ത അഭിപ്രായം ഉയർന്നു. എന്നാൽ പോലീസ് പറയുന്നത്ര ആളുകൾ റോഡ് ഷോയിൽ ഉണ്ടാകില്ലെന്ന് ബിജെപി നേതൃത്വം അറിയിച്ചു. അതേസമയം നിലവിലെ സാഹചര്യത്തിൽ പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളാണ് പ്രധാന മന്ത്രിയുടെ പരിപാടികൾക്ക് ഒരുക്കിയിരിക്കുന്നതെന്ന് കൊച്ചി സിറ്റി പോലിസ് കമ്മീഷണർ കെ സേതുരാമൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *