മുൻ നാവികസേനാ ഉദ്യോഗസ്ഥനെ കൊന്ന് കഷ്ണങ്ങളാക്കി, ഭാര്യയും മകനും അറസ്റ്റിൽ
ശ്രദ്ധ വാക്കറുടേതിന് സമാനമായ കൊലപാതകം കൊൽക്കത്തയിലും. മുൻ നാവികസേനാ ഉദ്യോഗസ്ഥനെ ഭാര്യയും മകനും ചേർന്ന് കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി കുളത്തിലിട്ടു. പരീക്ഷാ ഫീസ് അടക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.
നവംബർ 13-ന് ബരുയിപൂരിലാണ് സംഭവം. ഉജ്ജ്വൽ ചക്രവർത്തി (55) എന്ന മുൻ നാവികസേനാ ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്. മകൻ രാജു ചക്രവർത്തി പിതാവിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ശ്യാമിലി ചക്രവർത്തിയുടെ സഹായത്തോടെ മൃതദേഹം 6 കഷ്ണങ്ങളാക്കി മുറിച്ച് ശരീരഭാഗങ്ങൾ സമീപത്തെ കുളങ്ങളിലും കുറ്റിക്കാടുകളിലും വലിച്ചെറിഞ്ഞു. പിന്നീട് ഉജ്ജ്വലിനെ കാണാനില്ലെന്ന് ആരോപിച്ചു ഇരുവരും പൊലീസിൽ പരാതി നൽകി.
ബരുയിപൂരിലെ കുളത്തിൽ നിന്ന് മുറിച്ചു മാറ്റപ്പെട്ട ശരീരഭാഗങ്ങൾ വെള്ളിയാഴ്ചയോടെ പൊങ്ങി വരാൻ തുടങ്ങി. ഇതോടെ പൊലീസ് അന്വേഷണം വേഗത്തിലായി. പിന്നാലെ പ്ലാസ്റ്റിക്ക് കവറിൽ പൊതിഞ്ഞ് അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹം ചക്രവർത്തിയുടേതാണെന്ന് കണ്ടെത്തി. അമ്മ-മകൻ ഇരുവരെയും ചോദ്യം ചെയ്യാൻ കൊണ്ടുവന്നു, പണത്തെച്ചൊല്ലിയുള്ള കടുത്ത തർക്കത്തിന് ശേഷമാണ് ജോയ് പിതാവിനെ കൊലപ്പെടുത്തിയതെന്ന് പ്രതികൾ സമ്മതിച്ചു.