മൂന്ന് വയസുകാരിയെ കൊന്ന് മൃതദേഹം മാലിന്യത്തിൽ തള്ളിയ യുവതി
മഹാരാഷ്ട്രയിൽ മൂന്ന് വയസുകാരി മകളെ അമ്മ കൊലപ്പെടുത്തി മൃതദേഹം മാലിന്യക്കൂമ്പാരത്തിൽ തള്ളി. കുട്ടിയെ കാണാനില്ലെന്ന് ഇവർ എല്ലാവരോടും പറഞ്ഞിരുന്നു. സംശയം തോന്നിയ അയൽവാസികളും ബന്ധുക്കളും നടത്തിയ തെരച്ചിലിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. സംഭവത്തിൽ അമ്മ താര സുലൈമാനിയെ(37) പൊലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച ഉച്ചയ്ക്ക് പാൽഘർ ജില്ലയിലാണ് സംഭവം. അമ്മ താര, കുട്ടിയെ കൊലപ്പെടുത്തി മൃതദേഹം പ്ലാസ്റ്റിക് കവറിലാക്കി വീടിന് സമീപമുള്ള ബേക്കറിക്ക് അടുത്ത് മാലിന്യക്കൂമ്പാരത്തിലേക്ക് വലിച്ചെറിയുകയായിരുന്നു. മൃതദേഹം കണ്ടെത്തിയതും അയൽവാസികൾ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.
പിന്നാലെ അയൽവാസികൾ താരയെ മർദിച്ചു. മുറിവേറ്റ പാടുകളുള്ള കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്. കൊലപാതകത്തിന് പിന്നിലെ കാരണം ഇനിയും കണ്ടെത്താനായിട്ടില്ല. കൂടുതൽ അന്വേഷണം നടത്തുകയാണെന്നും ജവഹർ പൊലീസ് വ്യക്തമാക്കി.