വിശ്വാസവഞ്ചനയെന്ന് സംശയം; ഭർത്താവ് ഭാര്യയെ രണ്ടായി മുറിച്ച് ഭാഗങ്ങൾ വനത്തിൽ കുഴിച്ചിട്ടു
ശ്രദ്ധ വാക്കറുടേതിന് സമാനമായ കൊലപാതകം മധ്യപ്രദേശിലെ ഷാഹ്‌ദോളിലും. യുവാവ് തൻ്റെ ഭാര്യയെ രണ്ടായി മുറിച്ച് ശരീര ഭാഗങ്ങൾ വനത്തിൽ പലയിടങ്ങളിലായി കുഴിച്ചിട്ടു. വിശ്വാസവഞ്ചന നടത്തിയെന്ന് ആരോപിച്ചായിരുന്നു രാം കിഷോർ പട്ടേൽ ഭാര്യ സരസ്വതി പട്ടേലിനെ കൊലപ്പെടുത്തിയത്. അവിഹിത ബന്ധത്തിന്റെ പേരിൽ ഭാര്യയെ കോടാലി കൊണ്ട് കൊലപ്പെടുത്തിയെന്നാണ് പ്രതി പറയുന്നത്.
നവംബര്‍ 13ന് സഹോദരനെയും ഭാര്യയെയും കാണാനില്ലെന്ന് പൊലീസിന് പരാതി ലഭിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പിന്നാലെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തുടർന്ന് നവംബർ 15 ന് ഗ്രാമത്തിനടുത്തുള്ള വനത്തിൽ ഒരു സ്ത്രീയുടെ വസ്ത്രങ്ങൾ കണ്ടെത്തിയതായി പൊലീസിന് വിവരം ലഭിച്ചു. പിന്നീട് നടത്തിയ അന്വേഷണത്തിൽ കാണാതായ സ്ത്രീയുടേതാണ് വസ്ത്രങ്ങളെന്ന് പൊലീസ് കണ്ടെത്തി.
വനത്തിൽ തെരച്ചിൽ നടത്തുകയും തല ഒരു സ്ഥലത്ത് കുഴിച്ചിട്ട നിലയിൽ കണ്ടെത്തുകയും ചെയ്തു. അവിടെ നിന്ന് അൽപം മാറി കാണാതായ സരസ്വതിയുടെ ബാക്കി ശരീരഭാഗങ്ങൾ കണ്ടെത്തി. നർസിങ്പൂരിലെ കരേലി ഏരിയയിൽ വച്ചാണ് കൊലപാതകക്കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. പൊലീസ് സൂപ്രണ്ട് (എസ്പി) കുമാർ പ്രതീക് പറയുന്നതനുസരിച്ച് പ്രതി കുറ്റം സമ്മതിച്ചു.