ഇൻസ്റ്റാഗ്രാമിൽ 500 മില്യൺ ഫോളോവേഴ്സ്, ചരിത്രം കുറിച്ച് ക്രിസ്റ്റിയാനോ റൊണാൾഡോ
ഫുട്ബോൾ ഐക്കൺ ക്രിസ്റ്റിയാനോ റൊണാൾഡോ അടുത്തിടെ പിയേഴ്‌സ് മോർഗന് നൽകിയ അഭിമുഖത്തിൽ ‘താൻ റെക്കോർഡുകളെ പിന്തുടരുന്നില്ല, പകരം റെക്കോർഡുകൾ തന്നെ പിന്തുടരുന്നു’ എന്ന് പറഞ്ഞിരുന്നു. ഈ പ്രസ്താവന വളരെ ശരിയാണെന്ന് പലപ്പോഴും തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോൾ ഇതാ പുതിയൊരു റെക്കോർഡ് കൂടി തീർത്തിരിക്കുകയാണ് റോണോ. എന്നാൽ കളത്തിന് പുറത്താണെന്ന് മാത്രം.
ഇൻസ്റ്റാഗ്രാമിൽ 500 മില്യൺ ഫോളോവേഴ്‌സുള്ള ലോകത്തിലെ ആദ്യത്തെ വ്യക്തിയായി മാഞ്ചസ്റ്റർ യുണൈറ്റഡ് താരം. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് ക്രിസ്റ്റിയാനോ ഈ നാഴികക്കല്ല് പിന്നിട്ടത്. ലോകത്ത് മറ്റൊരാൾക്കും ഇത്രയധികം പേരെ സോഷ്യൽ മീഡിയയിൽ സ്വാധീനിക്കാൻ കഴിഞ്ഞിട്ടില്ല എന്നുള്ളത് CR 7 എന്ന ബ്രാൻഡിന്റെ മഹത്വം വിളിച്ചോതുന്നതാണ്.
സോഷ്യൽ മീഡിയ വഴി വലിയ ഒരു തുക പ്രതിഫലമായി ലഭിക്കുന്ന താരമാണ് ക്രിസ്റ്റിയാനോ റൊണാൾഡോ. 375 ദശലക്ഷം ഫോളോവേഴ്‌സുള്ള ലയണൽ മെസ്സിയാണ് പട്ടികയിലെ രണ്ടാമത്തെ സെലിബ്രിറ്റി.