ഗർഭം ധരിക്കാൻ യുവതിക്ക് മനുഷ്യ അസ്ഥികൾ പൊടിച്ച് നൽകി, ദുർമന്ത്രവാദി അടക്കം 7 പേർക്കെതിരെ കേസ്
കുട്ടികളില്ലാത്തതിന്റെ പേരിൽ യുവതിക്ക് മനുഷ്യ അസ്ഥികൾ പൊടിച്ച് നൽകി. യുവതിയെ ശ്മശാനത്തിൽ എത്തിച്ച ശേഷം ഭർത്താവ് നിർബന്ധിച്ച് കഴിപ്പിക്കുകയായിരുന്നു. ദുർമന്ത്രവാദിയുടെ നിർദ്ദേശ പ്രകാരമാണ് ഭർത്താവും അമ്മായിയമ്മയും മനുഷ്യ അസ്ഥികൾ പൊടിച്ച് നൽകിയതെന്ന് യുവതി ആരോപിച്ചു. പൂനെയിൽ നിന്നുമാണ് ഞെട്ടിക്കുന്ന സംഭവം പുറത്തായത്.
വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് 2019 ലാണ് യുവതി വിവാഹിതയാകുന്നത്. ദമ്പതികൾക്ക് കുട്ടികളില്ലായിരുന്നു. തുടർന്ന് ഭർതൃവീട്ടുകാർ ദുർമന്ത്രവാദിയെ സമീപിച്ചു. യുവതിക്ക് മരിച്ച മനുഷ്യന്റെ പൊടിച്ച അസ്ഥികൾ നൽകാൻ ഇയാൾ ആവശ്യപ്പെട്ടു. യുവതിയുടെ പരാതിയെത്തുടർന്ന് പൂനെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അമാവാസി രാത്രികളിൽ വീട്ടിൽ അന്ധവിശ്വാസപരമായ പ്രവർത്തനങ്ങൾ നടക്കാറുണ്ടെന്നും ചില ആചാരങ്ങളിൽ യുവതിയെ ബലമായി പങ്കെടുപ്പിക്കാറുമുണ്ടെന്ന് പൊലീസ് പറയുന്നു. ഐപിസി സെക്ഷൻ 498 എ, 323, 504, 506, അന്ധവിശ്വാസ വിരുദ്ധ നിയമത്തിലെ സെക്ഷൻ 3 എന്നിവ പ്രകാരമാണ് ദുർമന്ത്രവാദി ഭർത്താവ് അമ്മായിയമ്മ എന്നിവരുൾപ്പെടെ 7 പേർക്കെതിരെ കേസെടുത്തിരിക്കുന്നത്. ഭർതൃവീട്ടുകാർ സ്ത്രീധനം ആവശ്യപ്പെട്ടതായി യുവതി മറ്റൊരു പരാതിയിൽ ആരോപിച്ചു.