കൈക്കുഞ്ഞുമായുള്ള യാത്രയ്ക്കിടെ യുവതിയെ ശല്യം ചെയ്തു; മധ്യപ്രദേശില്‍ രണ്ട് എംഎല്‍എമാര്‍ക്കെതിരെ കേസ്
ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ യുവതിയെ ശല്യപ്പെടുത്തിയ കേസില്‍ മധ്യപ്രദേശിലെ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കോട്മയില്‍ നിന്നുള്ള എംഎല്‍എമാരായ സുനില്‍ സറഫ്,സത്നയില്‍ നിന്നുള്ള സിദ്ധാര്‍ത്ഥ് കുശ്വാഹ എന്നിവര്‍ക്കെതിരെയാണ് നടപടി.
വ്യാഴാഴ്ച റെവാഞ്ചല്‍ എക്സ്പ്രസിന്റെ എസി കോച്ചില്‍ യാത്ര ചെയ്യുന്നതിനിടെയാണ് എംഎല്‍എമാര്‍ യുവതിയോട് അപമര്യാദയായി പെരുമാറിയത്. ഇവര്‍ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കൈക്കുഞ്ഞുമായി യാത്ര ചെയ്യുകയായിരുന്ന യുവതിയോട് പ്രതികള്‍ മോശമായി പെരുമാറുകയായിരുന്നു. തതുടര്‍ന്ന് യുവതി ഭര്‍ത്താവിനെ ഫോണില്‍ ബന്ധപ്പെട്ട് വിവരമറിയിച്ചു. ഭര്‍ത്താവ് റെയില്‍വേ മന്ത്രാലയത്തെയും റെയില്‍വേ പൊലീസിനെയും ട്വീറ്റ് ചെയ്ത് പോസ്റ്റിട്ടതോടെയാണ് എംഎല്‍എമാര്‍ക്കെതിരെ കേസെടുത്തത്.
സ്ത്രീത്വത്തെ അപമാനിച്ചതിന് ഐപിസി സെക്ഷന്‍ 354 പ്രകാരമാണ് എംഎല്‍എമാര്‍ക്കെതിരെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.