കോഴിക്കോട് കൊവിഡ് രോഗിയായ യുവതിക്ക് നേരെ ആശുപത്രി ജീവനക്കാരന്റെ പീഡന ശ്രമം
കോഴിക്കോട് ഉള്ള്യേരിയിൽ കൊവിഡ് രോഗിയായ യുവതിയെ ആശുപത്രി ജീവനക്കാരൻ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. ആശുപത്രി ജീവനക്കാരനായ അശ്വിൻ യുവതിയെ ആശുപത്രിയിലെ നാലാം നിലയിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു
വ്യാഴാഴ്ചയാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുവതിയുടെ മാതാപിതാക്കളും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്. പിതാവ് ഹൃദ്രോഗിയായതിനാൽ മാതാവിനൊപ്പം ഒരു മുറിയിൽ തന്നെ താമസിപ്പിക്കണമെന്ന് യുവതി ആവശ്യപ്പെട്ടിരുന്നു. ഇതിന് വേണ്ട കാര്യങ്ങൾ ചെയ്ത ശേഷം യുവതി മുറിയിൽ തിരിച്ചെത്തിയപ്പോഴാണ് അശ്വിൻ യുവതിയെ ശല്യം ചെയ്യാൻ തുടങ്ങിയത്
ആശുപത്രിയിലെ രജിസ്റ്ററിൽ നിന്ന് യുവതിയുടെ വാട്‌സാപ്പ് നമ്പർ ശേഖരിച്ച ഇയാൾ അശ്ലീല ചുവയുള്ള സന്ദേശങ്ങൾ അയക്കുകയായിരുന്നു. യുവതി സംഭവത്തിൽ ഡോക്ടർമാർക്ക് പരാതി നൽകുകയും ചെയ്തിരുന്നു
പിപിഇ കിറ്റ് ധരിച്ചെത്തിയ അശ്വിൻ യുവതിയെ ഡോക്ടർ വിളിക്കുന്നുവെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടു പോകുകയും ആളൊഴിഞ്ഞ ഭാഗത്ത് എത്തിയപ്പോൾ കയറി പിടിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഒരുവിധത്തിൽ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും യുവതി പറയുന്നു.