വിവാഹത്തിന് ശേഷമുള്ള സല്‍ക്കാരം കഴിഞ്ഞ് നൂറുപേര്‍ക്ക് ദേഹാസ്വാസ്ഥ്യം; ഭക്ഷ്യവിഷബാധയെന്ന് സംശയം
മലപ്പുറം മാറഞ്ചേരിയില്‍ ഭക്ഷ്യവിഷബാധയെന്ന് സംശയം. മാറഞ്ചേരി തരുവാണത്തെ വിവാഹച്ചടങ്ങുമായി ബന്ധപ്പെട്ട് ഭക്ഷ്യവിഷബാധയേറ്റെന്നാണ് സംശയം. കാലടിയിലെ വരന്റെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. വിരുന്നില്‍ പങ്കെടുത്ത നൂറുപേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി.
ആശുപത്രികള്‍ പ്രവേശിപ്പിച്ചിരിക്കുന്നതില്‍ ആരുടേയും നില ഗുരുതരമല്ലെന്നതാണ് ആശ്വാസകരമായ കാര്യം. കല്യാണ വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്ക് ഛര്‍ദിയും വയറിളിക്കവും ചെറിയ പനിയും അനുഭവപ്പെടുകയായിരുന്നു. 17-ാം തിയതിയാണ് സംഭവം നടന്നത്.
വിവാഹത്തിന് ശേഷം വരന്റെ വീട്ടിലെ സല്‍ക്കാരത്തില്‍ പങ്കെടുക്കാനായി പോയ ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കുമാണ് ഭക്ഷണം കഴിച്ച ശേഷം ശാരീരികമായ അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. ഇന്നലെ മുതലാണ് ഛര്‍ദിയും വയറിളക്കവും കലശലായതോടെ ഭൂരിഭാഗം പേരും ആശുപത്രിയില്‍ ചികിത്സ തേടിയത്. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെയാണ് വിവാഹ സല്‍ക്കാരത്തിന് ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട സാഹചര്യമുണ്ടായത്.