Saturday, January 4, 2025
Kerala

എഐ ക്യാമറാ ഇടപാട്; വിവാദങ്ങള്‍ വസ്തുതയ്ക്ക് നിരക്കാത്തതെന്ന് മന്ത്രി പി.രാജീവ്

എഐ ക്യാമറാ ഇടപാടുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന വിവാദങ്ങള്‍ വസ്തുതയ്ക്ക് നിരക്കാത്തതാണെന്ന് വ്യവസായ മന്ത്രി പി രാജീവ്. ടെണ്ടര്‍ നടപടി സുതാര്യമായാണ് പൂര്‍ത്തീകരിച്ചത്. പക്ഷേ യുഡിഎഫ് കാലത്ത് കാമറ വാങ്ങിയത് ടെണ്ടര്‍ പോലും ഇല്ലാതെയാണെന്നും ഉപകരാര്‍ നല്‍കിയ കമ്പനികളെ കുറിച്ച് അന്വേഷിക്കേണ്ട കാര്യമില്ലെന്നും പി രാജീവ് പറഞ്ഞു.

ടെക്‌നിക്കല്‍ കമ്മിറ്റി റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ്കരാര്‍ നല്‍കിയത്. ഡേറ്റാ സുരക്ഷ ഒഴികെയുള്ളവയില്‍ ഉപകരാര്‍ നല്‍കാം. ഭാവിയില്‍ കരാറുകള്‍ നല്‍കുമ്പോള്‍ ഉന്നതാധികാര സമിതിക്ക് രൂപം നല്‍കാവുന്നതാണെന്നും മന്ത്രി പറഞ്ഞു.

എഐ ക്യാമറയുടെ മറവില്‍ 100 കോടിയുടെ അഴിമതി നടന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തലയും ആരോപിച്ചിരുന്നു. ഉപകരണങ്ങളുടെ ആകെ ചെലവ് 57 കോടി മാത്രമാണ്. ഇതാണ് 151 കോടിയുടെ കരാറില്‍ എത്തിയത്. ട്രോയിസ് കമ്പനിയില്‍ നിന്ന് തന്നെ സാധങ്ങള്‍ വാങ്ങണമെന്ന് കരാറുണ്ടാക്കി. പ്രസാദിയോയാണ് ഈ കരാറുണ്ടാക്കിയത്. കണ്‍ട്രോള്‍ റൂമടക്കം എല്ലാ ഉപകരണങ്ങളും ഉള്‍പ്പടെ 57 കോടിയാണ് ട്രോയിസ് പ്രൊപോസ് നല്‍കിയിരിക്കുന്നത്. അതു തന്നെ യഥാര്‍ത്ഥത്തില്‍ 45 കോടിക്ക് ചെയ്യാന്‍ പറ്റുന്നതാണ്. എന്നാല്‍ 151 കോടിക്കാണ് ടെന്‍ഡര്‍ നല്‍കിയത്. എസ്ആര്‍ഐടിക്ക് ആറ് ശതമാനം വെറുതെ കമ്മീഷന്‍ കിട്ടി. ബാക്കി തുക എല്ലാവരും കൂടി വീതിച്ചെടുക്കാനായിരുന്നു പദ്ധതിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *