നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നു; ബിഹാറിൽ 13 വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍
ദില്ലി: ബീഹാറിൽ നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന കണ്ടെത്തലുമായി ബീഹാർ പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം. 13 പരീക്ഷാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ കുടുംബാംഗങ്ങളെയും ചോദ്യം ചെയ്യുന്നുണ്ട്. 7 വിദ്യാര്‍ത്ഥികള്‍ക്ക് അടിയന്തരമായി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. വിശദാംശങ്ങൾ ഉടൻ വ്യക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയോട് ചില ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. അവരുടെ മറുപടി കൂടി കിട്ടേണ്ടതുണ്ടെന്നും സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിന്‍റെ എല്ലാ വാദങ്ങളെയും ദുര്‍ബലപ്പെടുത്തുന്ന കാര്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
ചില ഉദ്യോഗാര്‍ത്ഥികള്‍ 20 മുതല്‍ 30 ലക്ഷം രൂപ വരെ നല്‍കി ചോദ്യപേപ്പര്‍ കൈക്കലാക്കിയെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. അതിനെ സാധൂകരിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയോട് ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ആദ്യഘട്ടത്തില്‍ ലഭിച്ച മറുപടി തൃപ്തികരമല്ലാത്തതിനാല്‍ രണ്ടാം ഘട്ടത്തില്‍ വീണ്ടും ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.