നാദാപുരത്ത് കോളജ് ക്യാന്റീനില്‍ നിന്നും പൊറോട്ടയും കടലക്കറിയും കഴിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ; 18 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍
കോഴിക്കോട് നാദാപുരത്ത് കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. പുളിയാവിലെ മലബാര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യ വിഷബാധ ഉണ്ടായത്. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് 18 വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസാസ്ഥ്യം അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
കോളജ് ക്യാന്റീനില്‍ നിന്നും ഭക്ഷണം കഴിച്ച വിദ്യാര്‍ത്ഥികളുടെ ആരോഗ്യനിലയാണ് മോശമായത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥികളില്‍ പലരും കോളജ് ക്യാന്റീനില്‍ നിന്നും പൊറോട്ടയും കടലക്കറിയും കഴിച്ചിരുന്നു. പൊറോട്ട പുറത്തുനിന്നും വാങ്ങിയതാണെന്നാണ് ക്യാന്റീന്‍ ജീവനക്കാര്‍ പറയുന്നത്. കടലക്കറി ക്യാന്റീനില്‍ തന്നെ പാകം ചെയ്തതാണ്.
വിദ്യാര്‍ത്ഥികള്‍ക്ക് ഛര്‍ദ്ദിയും വയറിളക്കവും ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങളാണുണ്ടായത്. പൊലീസ് ഉദ്യോഗസ്ഥരും ഭക്ഷ്യസുരക്ഷാ വകുപ്പില്‍ നിന്നുള്ള ഉദ്യോഗസ്ഥരും കോളജ് അധികൃതരും ആശുപത്രിയിലെത്തി വിദ്യാര്‍ത്ഥികളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.