നീറ്റായി നീറ്റ് പരീക്ഷ; കാര്യമായ ബുദ്ധിമുട്ടുണ്ടാക്കിയില്ലെന്ന് വിദ്യാര്‍ത്ഥികളുടെ പ്രതികരണം
നീറ്റ് പരീക്ഷ കാര്യമായ ബുദ്ധിമുട്ട് ഉണ്ടാക്കിയില്ലെന്ന് പ്രതികരിച്ച് വിദ്യാര്‍ത്ഥികള്‍. ഫിസിക്‌സിനേയും കെമിസ്ട്രിയേയും അപേക്ഷിച്ച് ബയോളജി താരതമ്യേന എളുപ്പമായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. കേരളത്തില്‍ 16 നഗര കേന്ദ്രങ്ങളിലായി 1.28 ലക്ഷം പേരാണ് പരീക്ഷ എഴുതിയത്.
മുന്‍ വര്‍ഷങ്ങളിലെ വിവാദങ്ങള്‍ കണക്കിലെടുത്ത് പരീക്ഷാ കേന്ദ്രങ്ങളില്‍ മുന്നൊരുക്കങ്ങള്‍ പൂര്‍ണമായിരുന്നു. ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ വൈകിട്ട് 5.20 വരെയായിരുന്നു പരീക്ഷ. കോഴിക്കോട് ജില്ലയില്‍ മലാപ്പറമ്പ് വേദവ്യാസ സ്‌കൂളുകളിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയത്. 970 വിദ്യാര്‍ത്ഥികളാണ് ഇവിടെ പരീക്ഷ എഴുതിയത്.
കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലായി 1.28 ലക്ഷം വിദ്യാര്‍ത്ഥികള്‍ ആണ് നീറ്റ് പരീക്ഷ എഴുതി. മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് 20 ലക്ഷത്തിലധികം പേരാണ് രാജ്യത്താകെ രജിസ്റ്റര്‍ ചെയ്തത്.
പരീക്ഷയുമായി ബന്ധപ്പെട്ട രാവിലെ മുതല്‍ കെ.എസ്.ആര്‍ ടി സി പ്രത്യേക സര്‍വ്വീസുകള്‍ സജ്ജമാക്കിയിരുന്നു. കര്‍ശന നിയന്ത്രങ്ങളോടെയാണ് വിദ്യാര്‍ഥികളെ പരീക്ഷ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിച്ചത്. രാജ്യത്തിന് പുറത്ത് 14 കേന്ദ്രങ്ങളിലും പരീക്ഷ നടന്നു.