Sunday, January 5, 2025
Kerala

പാലക്കാട് എസ്ഐയെ വാഹനമിടിച്ചിട്ട കേസ്; രണ്ടാം പ്രതി പൊലീസ് കസ്റ്റഡിയിൽ

പാലക്കാട് തൃത്താലയിൽ എസ്ഐയെ വാഹനമിടിച്ചിട്ട കേസിൽ രണ്ടാം പ്രതി പൊലീസ് കസ്റ്റഡിയിൽ. ഒറ്റപ്പാലം സ്വദേശി അജീഷാണ് തൃശൂരിൽ വെച്ച് പിടിയിലായത്. പ്രതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലണമെന്ന ഉദ്ദേശത്തോടെ എസ്ഐയുടെ ശരീരത്തിലൂടെ വാഹനം ഇടിച്ചുകയറ്റി എന്നാണ് എഫ്ഐആർ. പരിക്കേറ്റ ഗ്രേഡ് എസ്ഐ പികെ ശശികുമാർ അപകടനില തരണം ചെയ്തു.

ഇന്ന് ഒന്ന്,രണ്ട് പ്രതികളായ അലൻ അഭിലാഷ്,അജീഷ് എന്നിവരെ ആലത്തൂർ കോടതിയിൽ ഹാജരാക്കും. ഒളിവിലായിരുന്ന അലനെ പൊലീസ് ഇന്നലെ പിടികൂടിയിരുന്നു. IPC 1860 പ്രകാരം കൊലപാതക ശ്രമം, ഔദ്യോഗിക കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തൽ, അസഭ്യം പറയൽ തുടങ്ങി നാല് വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മാറി നിൽക്കെടാ.. നിന്നെ കൊല്ലുമെടാ.. ഇതോടൊപ്പം അശ്ലീല വാക്ക് കൂടെ ഉപയോഗിച്ച് പ്രതി ആക്രോശിച്ചതായും റിപ്പോർട്ടിൽ പറയുന്നു

ഗ്രേഡ് എസ്ഐ പികെ ശശികുമാരിന് കൈ,കാൽ,മുഖം എന്നീ ഭാഗങ്ങൾക്കാണ് പരിക്കേറ്റിരുന്നത്. ചാലിശ്ശേരി എസ് എച്ച് ഒ കെ സതീഷ്കുമാറിനാണ് കേസിന്റെ അന്വേഷണ ചുമതല. കഴിഞ്ഞദിവസം അർധരാത്രിയിലാണ് സംഭവം നടന്നത്. വാഹനപരിശോധനക്കിടെ കാർ നിർത്തിയിട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ പരിശോധിക്കാനെത്തിയതായിരുന്നു എസ്‌ഐ. പൊലീസിനെ കണ്ടയുടനെ അലൻ ഉൾപ്പെടെയുള്ള ആളുകൾ കാറിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് കാർ എസ്‌ഐയെ ഇടിച്ചുതെറിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *