യുകെ പ്രസംഗത്തെ ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ രാഹുൽ ഗാന്ധി ഇന്ന് പാർലമെന്റിൽ
യുകെ പര്യടനത്തിന് ശേഷം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് പാർലമെന്റിലെത്തും. ഇന്ത്യയിലെ ജനാധിപത്യത്തെക്കുറിച്ച് ഉത്കണ്ഠ പ്രകടിപ്പിച്ചുകൊണ്ട്, ലണ്ടനിൽ നടത്തിയ പ്രസംഗത്തിൽ അദ്ദേഹം പ്രതികരണം നടത്തുമെന്നാണ് സൂചന. രാഹുൽ മാപ്പ് പറയണമെന്ന ബി.ജെ.പിയുടെ ആവശ്യം കോൺഗ്രസ് പാടെ തള്ളിയിരുന്നു.
രണ്ടാഴ്ചയായി ബ്രിട്ടനിൽ പര്യടനത്തിലായിരുന്നു രാഹുൽ ഗാന്ധി. കേംബ്രിജ് സർവകലാശാലയിൽ നടത്തിയ സംവാദത്തിനിടെ ഇന്ത്യയിൽ ജനാധിപത്യം ആക്രമണം നേരിടുകയാണെന്ന് രാഹുൽ കുറ്റപ്പെടുത്തിയിരുന്നു. ഇത് വിവാദമാക്കിയ ബിജെപി രാഹുൽ മാപ്പുപറയണമെന്നാവശ്യപ്പെട്ട് പാർലമെന്റ് തടസ്സപ്പെടുത്തിവരുകയാണ്. ഏറ്റവും ഒടുവിൽ, കോൺഗ്രസ് നേതാവ് ലണ്ടനിൽ കള്ളം പറയുകയും രാജ്യത്തെ അപകീർത്തിപ്പെടുത്തുകയും ചെയ്തുവെന്ന് നിയമമന്ത്രി കിരൺ റിജിജു ആരോപിച്ചു.
‘രാജ്യത്ത് ഏറ്റവും കൂടുതൽ സംസാരിക്കുന്നതും, രാവും പകലും സർക്കാരിനെ വിമർശിക്കുകയും ചെയ്യുന്ന വ്യക്തിയാണ് രാഹുൽ. എന്നിട്ടും ഇന്ത്യയിൽ തനിക്ക് സംസാരിക്കാനുള്ള സ്വാതന്ത്ര്യമില്ലെന്ന് വിദേശത്ത് പോയി കള്ളം പറയുന്നു’- റിജിജു പറഞ്ഞു. രാഹുൽ ഗാന്ധിക്ക് കോൺഗ്രസിനെ തകർക്കാം, പക്ഷേ രാഷ്ട്രത്തെ ദ്രോഹിക്കാനോ അപമാനിക്കാനോ ശ്രമിച്ചാൽ പൗരന്മാരെന്ന നിലയിൽ നിശബ്ദരായിരിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേത്തു.