ബിജെപിയെ അധികാരത്തിൽ നിന്ന് താഴെയിറക്കും, തന്റെ വാക്കുകൾ കുറിച്ച് വെച്ചോളൂ: രാഹുൽ ഗാന്ധി
ജയ്‌പൂർ: കോൺഗ്രസ് ഏകാധിപതികളുടെ പാർട്ടിയല്ലെന്ന് മുൻ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാജസ്ഥാനിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിനെ വിലകുറച്ച് കാണരുത്. ബിജെപിയെ കോൺഗ്രസ് അധികാരത്തിൽ നിന്ന് താഴെയിറക്കും. തന്റെ വാക്കുകൾ കുറിച്ച് വെച്ചോളൂവെന്ന മുന്നറിയിപ്പും രാഹുൽ ഗാന്ധി പറഞ്ഞു.
ഭാരത് ജോഡോ യാത്ര ഹിന്ദി മേഖലകളിൽ വിജയിക്കില്ലെന്ന് ചിലർ പറഞ്ഞുവെന്നും എന്നാൽ ജനങ്ങൾ ഇത് തള്ളിയെന്നും രാഹുൽ പറഞ്ഞു. മഹാരാഷ്ട്രയിലും മധ്യപ്രദേശിലും ഇപ്പോൾ രാജസ്ഥാനിലും വൻ ജനക്കൂട്ടമാണ് യാത്രയെ സ്വീകരിച്ചത്. കേരളത്തിലും കർണാടകത്തിലും ഭാരത് ജോഡോ യാത്ര ജനപിന്തുണയിൽ ഏറ്റവും മികച്ചു നിന്നു. പാർട്ടി ഭരണത്തിൽ ഇല്ലാത്ത മധ്യപ്രദേശിൽ ജനം യാത്രയ്ക്ക് വലിയ പിന്തുണ നൽകിയെന്നും അദ്ദേഹം പറഞ്ഞു.
രാജസ്ഥാൻ തർക്കത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട്, അക്കാര്യം മല്ലികാർജ്ജുൻ ഖാർഗെജിയോട് ചോദിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. താൻ കോൺഗ്രസ് അധ്യക്ഷനല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാധ്യമങ്ങൾ ബിജെപിക്കൊപ്പം ചേർന്ന് കോൺഗ്രസ് കാര്യക്ഷമമല്ലെന്ന് വരുത്തിത്തീർക്കാൻ പരിശ്രമിക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപിയുടെയും ആർഎസ്എസിന്റെയും ലക്ഷ്യം മറ്റുള്ളവരെ അപകീർത്തിപ്പെടുത്തുകയാണ്. ഇവരെ ഏറ്റവും കൂടുതൽ സഹായിച്ചത് മാധ്യമങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.