‘ഏറ്റവും ശക്തരായ വ്യക്തികളിൽ ഒരാൾ’, ഡോക്യുമെന്ററി വിവാദങ്ങൾക്കിടെ മോദിയെ പ്രശംസിച്ച് യുകെ എംപി
ബിബിസി ഡോക്യുമെന്ററി വിവാദങ്ങൾക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് യുകെ എംപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ “ഈ ലോകത്തിലെ ഏറ്റവും ശക്തരായ വ്യക്തികളിൽ ഒരാൾ” എന്ന് യുകെ നിയമനിർമ്മാതാവ് ലോർഡ് കരൺ ബിലിമോറിയ വിശേഷിപ്പിച്ചു. നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തിൽ പൊട്ടിപ്പുറപ്പെട്ട കലാപമാണ് ബിബിസി ഡോക്യുമെന്ററിയിൽ പ്രതിപാദിക്കുന്നത്.
“ചെറുപ്രായത്തിൽ ഗുജറാത്തിലെ ഒരു റെയിൽവേ സ്റ്റേഷനിൽ പിതാവിന്റെ ചായക്കടയിൽ മോദി ചായ വിറ്റിട്ടുണ്ട്. ഇന്ന് അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന നിലയിൽ ഈ ഭൂമിയിലെ ഏറ്റവും ശക്തരായ ആളുകളിൽ ഒരാളാണ്” ഇന്ത്യൻ വംശജനായ യുകെ എംപി ലോർഡ് കരൺ ബിലിമോറിയ പാർലമെന്റ് ചർച്ചയിൽ പറഞ്ഞു.
“ഇന്ന് ജി20യുടെ അധ്യക്ഷസ്ഥാനം ഇന്ത്യയ്ക്കാണ്. അടുത്ത 25 വർഷത്തിനുള്ളിൽ 32 ബില്യൺ യുഎസ് ഡോളർ ജിഡിപിയുള്ള ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറാനുള്ള കാഴ്ചപ്പാട് ഇന്ന് ഇന്ത്യക്കുണ്ട്. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥ ഇന്ത്യയുടേതാണ്. വരാനിരിക്കുന്ന ദശകങ്ങളിൽ യുകെ ഇന്ത്യയുടെ ഏറ്റവും അടുത്ത സുഹൃത്തും പങ്കാളിയും ആയിരിക്കണം.”- അദ്ദേഹം പറഞ്ഞു.