പിഎച്ച്‌ഡി ഗവേഷകനെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി
വാടകയ്ക്ക് കഴിഞ്ഞിരുന്ന പിഎച്ച്‌ഡി ഗവേഷകനെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി വീട്ടുടമ. അങ്കിത് (40) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ടവൽ കൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം നാല് കഷ്ണങ്ങളാക്കി മുറിക്കുകയായിരുന്നു. പ്രതി ഉമേഷ് ശർമ്മയെ(35) പൊലീസ് അറസ്റ്റ് ചെയ്തു. ഗാസിയാബാദിലെ മോദിനഗറിലാണ് സംഭവം.
ഒക്‌ടോബർ ആറിനാണ് കൊലപാതകം നടത്തിയതെന്ന് കുറ്റാരോപിതനായ ഉമേഷ് ശർമ സമ്മതിച്ചു. അങ്കിതിന്റെ മൃതദേഹം മരം മുറിക്കുന്ന യന്ത്രം ഉപയോഗിച്ച് നാല് കഷ്ണങ്ങളാക്കി. തുടർന്ന് ഗാസിയാബാദിലെ ഗംഗാ കനാലിനും മുസാഫർനഗറിലും ദസ്‌നയിലെ ഈസ്റ്റേൺ പെരിഫറൽ എക്‌സ്പ്രസ് വേയിലും ശരീരഭാഗങ്ങൾ തള്ളി.
മോദിനഗറിലെ സ്വകാര്യ ആശുപത്രിയിലെ കോമ്പൗണ്ടറായ ഉമേഷ് ബിസിനസ് തുടങ്ങാൻ അങ്കിതിൽ നിന്ന് 40 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. തിരിച്ചടക്കാൻ കഴിയാതെ വന്നപ്പോൾ അങ്കിതിനെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നു. സുഹൃത്തുക്കൾക്ക് സംശയം ഉണ്ടാകാതിരിക്കാൻ ഇരയുടെ ഫോണിൽ നിന്നും സന്ദേശങ്ങൾ അയക്കാൻ തുടങ്ങി.
പൊരുത്തക്കേടുകൾ തോന്നിയ ഇവർ അങ്കിതിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. എന്നാൽ പ്രതികരണം ഉണ്ടായിരുന്നില്ല. ഒരു മാസത്തിലേറെയായി അങ്കിതിനെ കാണാതായതോടെ സുഹൃത്തുക്കൾ പൊലീസിനെ വിവരമറിയിച്ചു. ബുധനാഴ്ച ഉമേഷിനെ അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യവേ കൊലപാതകം സമ്മതിക്കുകയും ചെയ്തു.