Tuesday, January 7, 2025
National

‘മദ്യം കഴിച്ചാൽ മരിക്കും’; ബീഹാർ വിഷമദ്യ ദുരന്തത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി നിതീഷ് കുമാർ

പട്ന: മദ്യം കഴിച്ചാൽ തീർച്ചയായും മരിക്കുമെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. സരൺ ജില്ലയിലുണ്ടായ വിഷമദ്യ ദുരന്തത്തെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബീഹാറിലെ വിഷമദ്യ ദുരന്തത്തിൽ 39 പേർക്ക് ജീവൻ നഷ്ടമായി. നിരവധി പേർ ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണ്. മദ്യദുരന്തത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാനുള്ള സാധ്യതയെ തള്ളിക്കളഞ്ഞു കൊണ്ടാണ് മുഖ്യമന്ത്രി നിതീഷ് കുമാർ പ്രതികരിച്ചതെന്ന് എൻഡിടിവി വാർത്തയിൽ വ്യക്തമാക്കുന്നു. 2016 മുതൽ മദ്യനിരോധനം നിലനിൽക്കുന്ന സംസ്ഥാനമാണ് ബീഹാർ. അതിനാൽ ജനങ്ങൾ‌ ജാ​ഗ്രത പാലിക്കേണ്ടതാണെന്നും നിതീഷ് കുമാർ പറഞ്ഞു.

കഴിഞ്ഞ തവണ മദ്യം കഴിച്ച് ജനങ്ങൾ മരിച്ചപ്പോൾ ചിലർ പറഞ്ഞു, അവർക്ക് നഷ്ടപരിഹാരം നൽകണമെന്ന്. ഒരാൾ മദ്യം കഴിച്ചാൽ തീർച്ചയായും മരിക്കും. ഉദാഹരണം നമ്മുടെ മുന്നിലുണ്ട്. നിതീഷ് കുമാർ പറഞ്ഞു. ദുരന്തബാധിത പ്രദേശങ്ങളിൽ ജനങ്ങൾക്ക് ബോധവത്കരണം നൽകേണ്ടത് അത്യാവശ്യമാണ്. നിരോധനം ഇല്ലാതിരുന്ന കാലത്തും വ്യാജമദ്യം കഴിച്ച് ആളുകൾ മരണപ്പെട്ടിട്ടുണ്ട്. പഞ്ചാബിലും ​ഗുജറാത്തിലും വിഷമദ്യ ദുരന്തം സംഭവിച്ചിട്ടുണ്ട്.

സംഭവത്തിൽ കർശന നടപടി സ്വീകരിച്ചിട്ടുണ്ട്. പക്ഷേ ജനങ്ങൾ കൂടുതൽ ജാ​ഗ്രത പാലിക്കേണ്ടതാവശ്യമാണ്. നിരോധനം ഉള്ള സമയത്ത് ലഭിക്കുന്ന മദ്യം വ്യാജമദ്യമായിരിക്കും. കൂടാതെ നിങ്ങൾ ഒരു തരത്തിലും മദ്യം കഴിക്കരുത്. ധാരാളം ആളുകൾ മദ്യനിരോധനത്തോട് സഹകരിച്ചിട്ടുണ്ട്. എന്നാൽ ചില ആളുകൾക്ക് തെറ്റ് സംഭവിച്ചു. നിതീഷ് കുമാർ വ്യക്തമാക്കി. വിഷമദ്യ ദുരന്തത്തിന് കാരണക്കാരായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി സുനിൽകുമാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *