Friday, April 11, 2025
Kerala

പത്മയുടെ മൃതദേഹം 56 കഷ്ണങ്ങളാക്കി; പത്മയുടെയും റോസ്ലിന്റെയും കുഴിമാടത്തിനരികിൽ മഞ്ഞളും രാമതുളസിയും നട്ടിരുന്നു

പത്തനംതിട്ട ഇലന്തൂരിൽ ആഭിചാര കർമ്മത്തിന് സ്ത്രീകളെ എത്തിച്ച് നൽകിയതിനു പ്രതിഫലമായി മൂന്ന് ലക്ഷത്തോളം രൂപ ഭഗവൽ സിംഗിൽ നിന്ന് ഷാഫി കൈപ്പറ്റിയിരുന്നുവെന്ന് വെളിപ്പെടുത്തൽ. ജൂൺ എട്ടിന് റോസ്‌ലിയെ ബലി നൽകിയെങ്കിലും മുൻജന്മ പാപം തീർന്നില്ലെന്ന് ദമ്പതികളെ പറഞ്ഞു വിശ്വസിപ്പിച്ച് സെപ്തംബർ 26ന് പദ്മത്തെയും കുരുതി കൊടുക്കുകയായിരുന്നു ഷാഫി. മൂന്ന് ലക്ഷം രൂപ പ്രതിഫലം വാങ്ങിയാണ് സ്ത്രീകളെ നരബലിക്കായി എത്തിച്ചത്.

പദ്മയുടെ മൃതദേഹം 56 കഷ്ണങ്ങളാക്കിയാണ് കുഴിച്ചിട്ടത്. പദ്മയുടെ മൃതദേഹം അഴുകിയ നിലയിലായിരുന്നു. മൃതദേഹം തിരിച്ചറിയാൻ മകന് കഴിഞ്ഞില്ല. റോസ്ലിന്റെ മൃതദേഹം അഞ്ച് കഷ്ണങ്ങളാക്കിയാണ് കുഴിച്ചിട്ടത്. പത്മയുടെയും റോസ്ലിന്റെയും കുഴിമാടത്തിനരികിൽ മഞ്ഞളും രാമതുളസിയും നട്ടിരുന്നു.

ഇലന്തൂർ നരബലി കേസിൽ മൂന്നു പ്രതികളും അറസ്റ്റിലായെങ്കിലും തെളിവുകൾ പൂർണമായും പൊലീസിന് ശേഖരിക്കാൻ ആയിട്ടില്ല. പത്മത്തെ കൊലപ്പെടുത്താൻ ഉപയോഗിച്ച ചില ആയുധങ്ങൾ കൂടി കണ്ടെത്താൻ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇത് സഞ്ചിയിലാക്കി മരത്തിൽ കെട്ടിയിട്ടു എന്നായിരുന്നു പ്രതികൾ ആദ്യം പൊലീസിനോട് പറഞ്ഞത്. പിന്നീട് ഇവയിൽ ചിലത് വീടിനുള്ളിൽ നിന്ന് തന്നെ കണ്ടെത്തി. മൃതദേഹഭാഗങ്ങൾ വീടിനുമുന്നിൽ നിന്ന് കുഴിച്ചെടുക്കുമ്പോൾ ശരീരം മുറിക്കാൻ ഉപയോഗിച്ച സിമൻറ് കട്ടകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. തീരെ ചെറിയ ഭാഗങ്ങളായി മൃതദേഹം മുറിക്കാൻ ഉപയോഗിച്ചത് സർജിക്കൽ ബ്ലേഡ് ഉൾപ്പെടെയുള്ളവ ഉപയോഗിച്ചാണെന്നും ഇവ കണ്ടെത്താൻ ഉണ്ട് എന്നുമാണ് പൊലീസ് പറയുന്നത്. ഈ പരിശോധനകൾക്ക് വേണ്ടിയാകും പൊലീസ് ഇന്ന് വീണ്ടും ഇലന്തൂരിലെ വീട്ടിലേക്ക് എത്തുക.

ഇതിനുപുറമേ മുൻപും ഇത്തരത്തിലെ പൂജകൾക്ക് ആളുകളെ ഈ വീട്ടിൽ എത്തിച്ചിട്ടുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്.പ്രതികൾക്ക് ഏതെങ്കിലും തരത്തിലുള്ള പ്രാദേശിക സഹായം കിട്ടിയിട്ടുണ്ടോ എന്നതും അന്വേഷണ വിഷയമാണ്.ഇക്കാര്യങ്ങൾ നിലവിൽ ആറന്മുള പോലീസ് ആണ് അന്വേഷിക്കുന്നത്.ഫോറൻസിക് സംഘവും ഇന്ന് ഇലന്തൂരിലെ വീട്ടിൽ വീണ്ടും പരിശോധനയ്ക്ക് എത്തും എന്നാണ് സൂചന.ഇന്ന് കോടതിയിൽ ഹാജരാക്കുന്ന പ്രതികളെ അടുത്തദിവസം കസ്റ്റഡിയിൽ ആവശ്യപ്പെടാൻ ആറന്മുള പോലീസും തീരുമാനിച്ചിട്ടുണ്ട്.ഇലന്തൂരിലെ വീട്ടുവളപ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹ ഭാഗങ്ങൾ ഇന്ന് കോട്ടയം മെഡിക്കൽ കോളേജിലെ ഫോറൻസിക് സംഘം പരിശോധന നടത്തും. മെഡിക്കൽ കോളേജിലെ പോസ്റ്റ് റിപ്പോർട്ടർ പുറമേ ഡിഎൻഎ പരിശോധനയ്ക്കുള്ള നടപടിക്രമങ്ങൾക്കും ഇന്ന് പോലീസ് തുടക്കം കുറിക്കും.സമയബന്ധിതമായി തന്നെ ഇക്കാര്യങ്ങൾ പൂർത്തീകരിച്ച് പ്രതികൾക്കെതിരായ കുറ്റപത്രം കൃത്യമായി കോടതിയിൽ സമർപ്പിക്കാനാണ് പൊലീസ് ആലോചിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *