Saturday, October 19, 2024
National

‘ആർട്ടിക്കിൾ 370 ഭരണഘടനാ ശിൽപികൾ ബുദ്ധിപൂർവ്വം സ്ഥാപിച്ചത്’; അമിത് ഷാ

പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 തുടക്കം മുതൽ ഒരു താൽക്കാലിക വ്യവസ്ഥ മാത്രമായിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഭരണഘടനാ ശിൽപികൾ ബുദ്ധിപൂർവ്വം സ്ഥാപിച്ചതാണ് ഈ വ്യവസ്ഥയെന്നും ഷാ പറഞ്ഞു. നിയമനിർമ്മാണം നന്നായി തയ്യാറാക്കിയാൽ ഒരു കോടതിക്കും വിശദീകരണം നൽകേണ്ട ആവശ്യം വരില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി വ്യക്തമാക്കി.

പാർലമെന്റ് വളപ്പിൽ നിയമനിർമ്മാണ കരട് രൂപീകരണ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമനിർമ്മാണ രേഖകൾ തയ്യാറാക്കുന്നതിൽ വൈദഗ്ധ്യം ആവശ്യമാണ്. നിയമനിർമ്മാണ ഡ്രാഫ്റ്റിംഗ് ജനാധിപത്യത്തിന്റെ പ്രധാനപ്പെട്ട ഭാഗമാണെന്നും, അറിവില്ലായ്മ നിയമങ്ങളെയും മുഴുവൻ ജനാധിപത്യ സംവിധാനത്തെയും ദുർബലപ്പെടുത്തുക മാത്രമല്ല, ജുഡീഷ്യറിയുടെ പ്രവർത്തനത്തെയും ബാധിക്കുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

ഏതൊരു ജനാധിപത്യ രാജ്യത്തിനും നിയമനിർമ്മാണ ഡ്രാഫ്റ്റിംഗ് പ്രധാനമാണ്. അതിനാൽ ഇതിലെ വൈദഗ്ദ്ധ്യം കാലക്രമേണ മാറുകയും വർദ്ധിക്കുകയും കൂടുതൽ കാര്യക്ഷമമാവുകയും വേണം. ജനാധിപത്യത്തിന്റെ മൂന്ന് പ്രധാന സ്തംഭങ്ങളാണ് – ലെജിസ്ലേച്ചർ, എക്സിക്യൂട്ടീവ്, ജുഡീഷ്യറി. ഇവയുടെ അടിസ്ഥാനത്തിലാണ് ഭരണഘടനയുടെ നിർമ്മാതാക്കൾ മുഴുവൻ ജനാധിപത്യ ഭരണ സംവിധാനവും ഉണ്ടാക്കാൻ ശ്രമിച്ചതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു.

ജനക്ഷേമവും ജനങ്ങളുടെ പ്രശ്‌നങ്ങളും പരിഗണിക്കുകയും നിയമപരമായി അവയ്ക്ക് പരിഹാരം കാണുകയും ചെയ്യുക എന്നതാണ് നിയമസഭയുടെ പ്രവർത്തനമെന്നും ഷാ പറഞ്ഞു. പാർലമെന്റിന്റെയും കേന്ദ്രമന്ത്രിസഭയുടെയും രാഷ്ട്രീയ ഇച്ഛാശക്തിയെ നിയമമാക്കി മാറ്റുകയാണ് നിയമനിർമ്മാണ വകുപ്പിന്റെ പ്രവർത്തനമെന്നും ഷാ പറഞ്ഞു. ഡ്രാഫ്റ്റിംഗ് ലളിതവും വ്യക്തവുമാണെങ്കിൽ, നിയമത്തെക്കുറിച്ച് ആളുകളെ ബോധവത്കരിക്കാനും എളുപ്പമാകും. മാത്രമല്ല നടപ്പാക്കുന്നതിലെ പിഴവുകൾ ഒഴിവാക്കാനും ഇത് സഹായിക്കുമെന്നും അമിത് ഷാ പറഞ്ഞു.

Leave a Reply

Your email address will not be published.