Thursday, October 17, 2024
National

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച ശേഷമുള്ള രാജ്യസുരക്ഷ സാഹചര്യം വിലയിരുത്തി അമിത് ഷാ

രാജ്യസുരക്ഷ വിലയിരുത്തി ആഭ്യന്തര മന്ത്രി അമിത് ഷാ. ഡൽഹിയില്‍ ഐബി ഉദ്യോഗസ്ഥരുടെ യോഗം ചേർന്നാണ് പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച ശേഷമുള്ള രാജ്യസുരക്ഷ സാഹചര്യത്തേക്കുറിച്ച് അമിത് ഷാ വിലയിരുത്തിയത്. എല്ലാ രീതിയിലും രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ആഭ്യന്തര മന്ത്രി യോഗത്തിന് പിന്നാലെ പ്രതികരിച്ചു.

തീരദേശ സുരക്ഷ ശക്തമാക്കുന്നതിന്‍റെ ഭാഗമായി ചെറുതും വലുതുമായ എല്ലാ തുറമുഖങ്ങളിലും നിരീക്ഷണം ശക്തമാക്കണമെന്നും അമിത് ഷാ ഐബി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ലഹരി ഉപയോഗം യുവ തലമുറയെ നശിപ്പിക്കുന്നു എന്നു മാത്രമല്ല അതിലൂടെ സമാഹരിക്കുന്ന പണം രാജ്യ സുരക്ഷയെ തകര്‍ക്കാനായാണ് ഉപയോഗിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.

ലഹരി മാഫിയയെ ഉന്മൂലനം ചെയ്യണമെന്നും അതിർത്തികളിലൂടെയുള്ള ലഹരി കടത്ത് തടയാൻ ഡ്രോൺ നിരീക്ഷണം ശക്തമാക്കാനും ആഭ്യന്തര മന്ത്രി നിർദ്ദേശം നല്‍കി.നക്സലിസത്തിന് സാമ്പത്തിക സഹായം എത്തിക്കുന്ന ശക്തികളെ കണ്ടെത്തണമെന്നും ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു.

രാവിലെ 11 മണിക്ക് ആരംഭിച്ച യോഗം ആറ് മണിക്കൂറിന് ശേഷം വൈകീട്ട് 5 മണിക്കാണ് അവസാനിച്ചത്. സൈബര്‍ സെക്യൂരിറ്റി, തീവ്രവാദ പ്രവര്‍ത്തനം ചെറുക്കല്‍, രാജ്യ സുരക്ഷ അടക്കമുള്ള വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായി.

Leave a Reply

Your email address will not be published.