Thursday, April 10, 2025
Kerala

കൊച്ചി മയക്കുമരുന്ന് വേട്ട; പിടികൂടിയത് പാക് സ്വദേശിയെയെന്ന് സ്ഥിരീകരിച്ച് എൻസിബി

കൊച്ചി: കൊച്ചി പുറങ്കടലിലെ മയക്കുമരുന്ന് വേട്ടയ്ക്കിടെ പിടികൂടിയത് പാക്ക് സ്വദേശിയെന്ന് സ്ഥിരീകരിച്ച് എൻസിബി. സുബീർ ദെറക്ഷാൻഡേയാണ് പിടിയിലായത്. ഇന്നലെയാണ് കൊച്ചിയുടെ പുറങ്കടലിൽ വൻ ലഹരിമരുന്ന് വേട്ട നടന്നത്. നാവിക സേനയുടെ സഹായത്തോടെ കേന്ദ്ര നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയാണ് മയക്കുമരുന്ന് പിടികൂടിയത്. സംഭവത്തിൽ പാകിസ്ഥാൻ പൗരൻ എന്ന് സംശയിക്കുന്നയാളെ ഇന്നലെ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു.

രാജ്യത്തെതന്നെ ഏറ്റവും പ്രധാനപ്പെട്ട ലഹരിമരുന്ന് വേട്ടയാണ് പുറങ്കടലിൽ ഇന്ത്യൻ സമുദ്രാതിർത്തിക്കുളളിൽ നടന്നത്. ലഹരിമരുന്ന് കൊണ്ടുവന്ന കപ്പലും കസ്റ്റഡിയിലെടുത്തിരുന്നു. അഫ്ഗാനിസ്ഥാനിൽ തുടങ്ങി പാകിസ്ഥാനിലെത്തിച്ച് ഇന്ത്യൻ തീരംവഴിയുളള ലഹരിമരുന്ന കടത്ത് തടയുന്നതിനായി ഓപറേഷൻ സമുദ്രഗുപ്തിന് കേന്ദ്ര ഏജൻസികൾ കഴിഞ്ഞ വർഷം തുടക്കം കുറിച്ചിരുന്നു. ഇതിന്‍റെ ഭാഗമായുളള അന്വേഷണത്തിലാണ് കോടികളുടെ ലഹരിമരുന്നുമായി കപ്പൽ ഇന്ത്യൻ സമുദ്രാതിർത്തിയിലൂടെ നീങ്ങുന്നതായി വിവരം ലഭിച്ചത്.

കൊച്ചി ലഹരി മരുന്ന് വേട്ടയുടെ കണക്കെടുപ്പ് പൂർത്തിയായെന്ന് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ വെളിപ്പെടുത്തി. പിടിച്ചെടുത്ത മയക്കുമരുന്നിന്‍റെ മൂല്യം 25000 കോടി വരുമെന്ന് അധികൃതർ വ്യക്തമാക്കി. ആദ്യം കരുതിയത് മയക്കുമരുന്നിന്‍റെ മൂല്യം 12000 കോടിയോളമെന്നായിരുന്നു. എന്നാൽ വിശദമായ പരിശോധനയിലും കണക്കെടുപ്പിലുമാണ് 25000 കോടിയുടെ മയക്കുമരുന്നാണ് പിടിച്ചെടുത്തതെന്ന് വ്യക്തമായത്.

പിടികൂടിയത് 2525കിലോ മെത്താആംഫിറ്റമിനാണെന്നും അധികൃതർ വ്യക്തമാക്കി. കേസിൽ കൂടുതൽ പാക്കറ്റുകൾ കണ്ടെത്താൻ അന്വേഷണം വിപുലമാക്കിയിട്ടുണ്ട്. പിടികൂടിയ പാക്ക് ബോട്ടിന് പുറമെ മറ്റൊരു കപ്പലിൽ മയക്കുമരുന്നുകൾ സൂക്ഷിച്ചിരുന്നു എന്ന സംശയത്തിലാണ് അന്വേഷണം വ്യാപിപ്പിച്ചത്. പിടിച്ചെടുത്ത മയക്കുമരുന്ന് ബോക്സുകളിൽ പാക്കിസ്ഥാനിലെ ലഹരി മാഫിയകളുടെ അടയാളങ്ങളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *