നിതീഷ് കുമാറിന് മുന്നില്‍ ബിജെപിയുടെ വാതിലുകള്‍ എന്നന്നേക്കുമായി അടഞ്ഞു: അമിത് ഷാ
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് മുന്നില്‍ ബിജെപിയുടെ വാതിലുകള്‍ എന്നന്നേക്കുമായി അടഞ്ഞിരിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബിഹാറില്‍ കുറ്റകൃത്യങ്ങള്‍ പെരുകുന്നുവെന്നും ക്രമസമാധാന നില തകര്‍ന്നുവെന്നും അമിത് ഷാ വിമര്‍ശിച്ചു.
യുപിഎ ഭരണത്തില്‍ ബിഹാറിന് എന്ത് ലഭിച്ചെന്ന് നിതീഷ് കുമാര്‍ വിശദീകരിക്കണമെന്ന് അമിത് ഷാ പറഞ്ഞു. ജെഡിയു- ആര്‍ജെഡി അവിശുദ്ധ കൂട്ടുകെട്ട് എണ്ണയും വെള്ളവും പോലെയെന്ന് അമിത് ഷാ പറഞ്ഞു. ബീഹാറിലെ വെസ്റ്റ് ചമ്പാരന്‍ ജില്ലയിലെ ലൗരിയയില്‍ നടന്ന പൊതുറാലിയിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രി നിതീഷ് കുമാര്‍ ബിജെപിയുമായുള്ള ബന്ധം വിച്ഛേദിച്ചതിന് ശേഷം ഷാ ബിഹാറിലെ തന്റെ മൂന്നാമത്തെ സന്ദര്‍ശനമാണ് നടത്തിയത്.
2024 ലോക് സഭാതെരഞ്ഞെടുപ്പിന് മുന്‍പ് ബിജെപിയുടെയും പ്രതിപക്ഷ ഐക്യത്തിന്റയും ശക്തി പ്രകടനത്തിനുള്ള ആദ്യ വേദിയായി ബിഹാര്‍ മാറുകയായിരുന്നു. മഹാറാലിയില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ നിതീഷ് കുമാറിനെയും മഹാസഖ്യ സര്‍ക്കാരിനെയും കടന്നാക്രമിച്ചു.മഹാസഖ്യ സര്‍ക്കാരിലൂടെ ബീഹാറില്‍ ജംഗിള്‍ രാജ് തിരികെ വന്നതായും പ്രധാന മന്ത്രി മോഹത്തെ തുടര്‍ന്ന് നിതീഷ് വികസനം മറന്നു വെന്നും അമിത് ഷാ വിമര്‍ശിച്ചു.