‘മോദിയോടുള്ള വെറുപ്പ് രാജ്യത്തോടുള്ള വെറുപ്പാമായി മാറി, രാഹുൽ മാപ്പ് പറയണം’; സ്മൃതി ഇറാനി
ലണ്ടൻ പ്രസംഗത്തിൽ രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. പ്രധാനമന്ത്രിയോടുള്ള രാഹുൽ ഗാന്ധിയുടെ വെറുപ്പ് രാജ്യത്തോടുള്ള വെറുപ്പായി മാറിയെന്ന് ആരോപണം. ഇന്ത്യയെ അടിമകളാക്കിയ ചരിത്രമുള്ള ഒരു രാജ്യം സന്ദർശിച്ച്, രാജ്യത്തെ അപകീർത്തിപ്പെടുത്തുന്ന പ്രസ്താവനയാണ് കോൺഗ്രസ് നേതാവ് നടത്തിയത്. രാഹുൽ മാപ്പ് പറയണമെന്നും സ്മൃതി ഇറാനി.
വിദേശരാജ്യങ്ങൾ സന്ദർശിച്ച് സംസാരസ്വാതന്ത്ര്യം ഇല്ലാത്തതിനെക്കുറിച്ചാണ് രാഹുൽ ഗാന്ധി സംസാരിക്കുന്നത്. ഇന്ത്യൻ സർവ്വകലാശാലയിൽ തനിക്ക് സംസാരിക്കാനുള്ള സ്വാതന്ത്ര്യമില്ലെന്ന് അദ്ദേഹം ആരോപിക്കുന്നു. 2016-ൽ ഡൽഹിയിലെ ഒരു സർവകലാശാലയിൽ ‘ഭാരത് തേരേ തുക്‌ഡെ ഹോംഗേ’ എന്ന മുദ്രാവാക്യം ഉയരുമ്പോൾ രാഹുൽ അവിടെയെത്തി അതിനെ പിന്തുണച്ചു, അതെന്തായിരുന്നു? ഭാരത് ജോഡോ യാത്രയ്ക്കിടെ ജമ്മു കശ്മീരിൽ ഇതേ മാന്യൻ ഇന്ത്യയിൽ എല്ലാം നല്ലതാണെന്ന് പറഞ്ഞു.
ഇന്ത്യയുടെ പരമോന്നത നീതിപീഠം, തെരഞ്ഞെടുപ്പ് കമ്മീഷൻ തുടങ്ങിയ സ്ഥാപനങ്ങളുടെ മേധാവിത്വത്തെ രാഹുൽ ഗാന്ധി ആക്രമിച്ചു. യുകെയിൽ പറഞ്ഞതിന് രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് ഇന്ത്യ ആവശ്യപ്പെടുന്നതായും കേന്ദ്രമന്ത്രി പറഞ്ഞു. രാഹുൽ ഗാന്ധി പാർലമെന്റിൽ വന്ന് മാപ്പ് പറയുന്നതിന് പകരം പാർലമെന്റിൽ നിന്ന് വിട്ടുനിൽക്കുന്നത് ലജ്ജാകരമാണെന്നും സ്മൃതി ഇറാനി കുറ്റപ്പെടുത്തി.